കുന്നംകുളം: തൃശൂർ റോഡിൽ മുനിസിപ്പൽ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിലിയുണ്ടായിരുന്ന പോലീസുകാരനെ വണ്‍വേ തെറ്റിച്ച് വന്ന ഓട്ടോക്കാരൻ ഇടിച്ചിട്ടതായി പരാതി. കാലിൽ ഓട്ടോ കയറിയതിനെ തുടർന്ന് കാലിലെ എല്ല് പൊട്ടിയ സ്പെഷൽ പോലീസ് ഓഫീസറും വടക്കേക്കാട് സ്വദേശിയുമായ രഞ്ജിത്തിനെ(20) കുന്നംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
തൃശൂർ റോഡിൽ ഓട്ടോ സ്റ്റാൻഡ് പുനർക്രമീകരിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷന് എതിർവശത്താണ് ഇവരുടെ സ്റ്റാൻഡ്. വണ്‍വേ തൃശൂർ റോഡിൽ കർശനമാക്കിയതിനാൽ നഗരസഭാ ജംഗ്ഷനിൽ നിന്നും വണ്‍വേ തെറ്റിച്ച് ഓട്ടോ പാർക്കിലേക്ക് വണ്ടി കയറ്റരുതെന്ന് കർശന നിർദേശമുണ്ട്.
എന്നാൽ പലരും ഇത് പാലിക്കാതെ തൃശൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് നേരെ കയറ്റിയിടുന്നുണ്ട്. ഇന്നു രാവിലെയും ഇത് തുടർന്നു. വണ്‍വേ തെറ്റിച്ച് കയറിയ ഒരു ഓട്ടോക്കാരനെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത് തടയുകയും എന്നാൽ ഇയാൾ തിരിഞ്ഞ് പോകാൻ സമ്മതിക്കാതെ രഞ്ജിത്തിന്റെ കാലിലൂടെ വണ്ടി കയറ്റി പോകുകയുമായിരുന്നു. നിലത്ത് വീണ രഞ്ജിത്തിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. സംഭവത്തോടനുബന്ധിച്ച് ഓട്ടോ ഡ്രൈവർ പോർക്കുളം മൂന്ന് കണ്ണിയിൽ സൂരജി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു.