ന്യൂഡൽഹി: നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യ തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഡിസംബർ 11-ലേക്ക് മാറ്റി. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ലഭിക്കാൻ ദിലീപിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ജസ്റ്റീസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
പ്രോസിക്യൂഷൻ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്ന ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡ് എന്തുതരം തെളിവാണെന്ന് കോടതി പരിശോധിക്കും. മെമ്മറി കാർഡ് കേസുമായി ബന്ധപ്പെട്ട രേഖയല്ലെന്നും തൊണ്ടിമുതലാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
എന്ന് ദിലീപിന്റെ അഭിഭാഷകൻ പ്രോസിക്യൂഷൻ വാദം തള്ളി. കേസിലെ പ്രധാന തെളിവായാണ് മെമ്മറി കാർഡ് സമർപ്പിച്ചിരിക്കുന്നതെന്നും അതിനാൽ പകർപ്പ് കിട്ടാൻ പ്രതിയെന്ന നിലയിൽ ദിലീപിന് അവകാശമുണ്ടെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകനായ മുകുൾ റോഹ്തഗിയുടെ വാദം.
വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതുകൊണ്ടാണ് തെളിവുകൾ തേടി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. പോലീസ് തെളിവായി സമർപ്പിച്ചിരിക്കുന്ന മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ എഡിറ്റിംഗ് സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ പരിശോധിക്കാൻ പകർപ്പ് വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
എന്നാൽ പ്രോസിക്യൂഷൻ ദിലീപിന്റെ വാദത്തെ ശക്തമായി എതിർത്തിരുന്നു. ആക്രമണ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയാൽ ഇരയുടെ സ്വകാര്യത നഷ്ടമാകുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഈ വാദം അംഗീകരിച്ചാണ് വിചാരണക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ വാദം തള്ളിയത്.