വടകര: വീണു കിട്ടിയ പേഴ്സും രേഖകളും ഉടമക്ക് അയച്ച്കൊടുത്ത് സത്യസന്ധത പ്രകടിപ്പിച്ച് മടങ്ങവെ സൈനികന്റെ പേഴ്സ് പോക്കറ്റടിച്ചു. അവധി കഴിഞ്ഞ് ജോലി സ്ഥലമായ പശ്ചിമബംഗാളിലേക്ക് പോവുകയായിരുന്ന ബിഎസ്എഫ് ജവാനും ദേശീയ വോളിബോൾ താരവുമായ വടകര പതിയാരക്കര സ്വദേശി അരുണ്‍കുമാറിനാണ് ഈ അനുഭവം.
വിമാനത്തിൽ കൊൽക്കത്തക്ക് പോകാൻ നെടുന്പാശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് വിലപ്പെട്ട രേഖകളും ആറായിരം രൂപയും അടങ്ങിയ പേഴ്സ് അരുണ്‍കുമാറിനു കിട്ടിയത്. സുപ്രിംകോടതി അഭിഭാഷകനും ഡൽഹി സ്വദേശിയുമായ ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായതിനാൽ നടന്നില്ല. വാട്സ്ആപ്പ് സന്ദേശം നൽകിയ ശേഷം അരുണ്‍കുമാർ ഫ്ളൈറ്റിൽ യാത്രയായി.
ഇതിനിടെ ഉടമ തിരികെ വിളിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അരുണ്‍കുമാർ പേഴ്സ് തപാൽ വഴി അയച്ച് മടങ്ങുന്പോഴാണ് അരുണ്‍കുമാറിന് തന്റെ പേഴ്സ് നഷ്ടപ്പെട്ടത്.
ആൾതിരക്കിൽ റോഡ് മുറിച്ചുകടക്കവെ ബാഗിൽ നിന്ന് പണവും രേഖകളും അടങ്ങിയ പേഴ്സ് പോക്കറ്റടിക്കുകയായിരുന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും ബിഎസ്എഫ് ഹെഡ് ഓഫീസിലും അരുണ്‍കുമാർ പരാതി നൽകി.