പാരീസ്: പ്രഥമ വനിതാ ബാലൻ ഡി ഓർ പുരസ്കാരത്തിന് ഒളിന്പിക് ലിയോണിന്റെ നോർവീജിയൻ താരം അദ ഹെഗർബർഗ് അർഹയായി. ഡെൻമാർക്കിന്റെ പെർനൈൽ ഹാർഡർ, ജർമനിയുടെ ലിയോണ്‍ താരം സെനിഫർ മരോസൻ, ബ്രസീൽ താരം മാർത, ഓസ്ട്രേലിയയുടെ സാം കെർ എന്നിവരെയാണ് അദ പിന്തള്ളിയത്.
നാമനിർദേശം ചെയ്യപ്പെട്ട 15 പേരിൽനിന്നാണ് അദയെ തെരഞ്ഞെടുത്തത്. നിർദേശിക്കപ്പെട്ടവരിൽ ഏഴു പേരും ലിയോണ്‍ താരങ്ങളായിരുന്നു. ഈ വർഷം ചാന്പ്യൻസ് ലീഗ് നേടിയ ലിയോണിനായി 15 ഗോളുകളാണ് അദ അടിച്ചുകൂട്ടിയത്.
1956-ൽ ബാലൻ ഡി ഓർ പുരസ്കാര ആരംഭിച്ചശേഷം പുരുഷ താരങ്ങൾക്കാണ് ഫ്രാൻസ് ഫുട്ബോൾ എല്ലാ വർഷവും അവാർഡ് നൽകിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ ആ പതിവ് തെറ്റിച്ച് വനിതാ താരങ്ങൾക്കും പുരസ്കാരം നൽകാൻ അവാർഡ് സമിതി തീരുമാനിക്കുകയായിരുന്നു.