കോട്ടയം: ബാങ്കിൽനിന്നെന്നു പറഞ്ഞു ഫോണിൽ വിളിച്ച് ഒടിപി കരസ്ഥമാക്കി കോളജ് അധ്യാപകനിൽനിന്ന് 1.42 ലക്ഷം രൂപ തട്ടിയെടുത്തു.കോട്ടയത്തെ ഒരു കോളജ് അധ്യാപകനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ച് അധ്യാപ കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: ശനിയാഴ്ച രാവിലെ എസ്ബിഐയുടെ പുതിയ എടിഎം കാർഡ് വന്നിട്ടുണ്ടെന്ന സന്ദേശം മൊബൈലിൽ ലഭിച്ചു.
ചിപ്പ് ഘടിപ്പിച്ച കാർഡ് എല്ലാവർക്കും അയച്ചു കൊടുക്കുന്ന സമയമായിരുന്നതിനാൽ ശരിയെന്നു വിചാരിച്ചു. മൊബൈലിൽ കോൾ വരികയും കാർഡ് ബ്ലോക്കാണെന്ന് അറിയിക്കുകയും ചെയ്തു.
എസ്ബിഐയുടെ കാർഡ് വിഭാഗത്തിൽനിന്നു വിളിക്കുന്നുവെന്നായിരുന്നു സന്ദേശം. സംശയം തോന്നി ചോദ്യങ്ങൾ ചോദിച്ചപ്പോൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും തട്ടിപ്പുകാരൻ പറഞ്ഞതോടെ ശരിയെന്നു ബോധ്യപ്പെട്ടു.
കാർഡ് ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും ഫോണ് കട്ട് ചെയ്യാതെ അതിലുള്ള നന്പർ പറയണമെന്നും പറഞ്ഞു. നന്പർ പറഞ്ഞതിനു ശേഷം കാർഡ് രണ്ടു മിനിറ്റിനുള്ളിൽ ആക്ടിവേറ്റാകുമെന്ന സന്ദേശത്തോടെ ഫോണ് സംഭാഷണം അവസാനിപ്പിച്ചു. സംശയം തോന്നി ഇന്റർനെറ്റ് മുഖേന അക്കൗണ്ടു വിവരങ്ങൾ പരിശോധിച്ചപ്പോൾ 19,900 രൂപ കുറഞ്ഞതായി കണ്ടെത്തി. ഉടൻതന്നെ സമീപത്തെ എസ്ബിഐ ബ്രാഞ്ചിൽ വിവരങ്ങൾ പറഞ്ഞപ്പോഴേക്കും 60,000 രൂപകൂടി നഷ്ടമായി.
അക്കൗണ്ട് മരവിപ്പിക്കണമെന്നു ബാങ്ക് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഞായറാഴ്ച മറ്റ് അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിൽ ഇവിടെനിന്നു പണം നഷ്ടപ്പെട്ടതായി കണ്ടെത്തി.
മറ്റ് രണ്ട് അക്കൗണ്ടുകളിൽനിന്നു പലതവണയായി 62,000 രൂപ കൂടി തട്ടിപ്പുകാർ അപഹരിച്ചു. അധ്യാപകൻ സൈബർ സെല്ലിലും ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പരാതി നൽകി. മകന്റെ പഠനവുമായി ബന്ധപ്പെട്ടു ശേഖരിച്ച പണമാണു നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കോളജിലെ മറ്റ് അധ്യാപകരെയും ഇതേസംഘം വിളിച്ചിരുന്നതായാണു വിവരം. ഇവരിലൊരാളുടെ 5,000 രൂപയും നഷ്ടമായിട്ടുണ്ട്. അതേസമയം, ബാങ്ക് അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.