പത്തനംതിട്ട: കുന്പളാംപൊയ്ക സർവീസ് സഹകരണ ബാങ്ക് ശാഖയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റു കൂടിയായ മത്തായി ചാക്കോയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. മറ്റൊരു ജില്ലാ കമ്മറ്റിയംഗവും ബാങ്ക് ഡയറക്ടർ ബോർഡ് മെബറുമായ കോമളം അനിരുദ്ധനെ താക്കീത് ചെയ്യും.
ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗമാണ് മത്തായി ചാക്കോയെ പുറത്താക്കാൻ തീരുമാനമെടുത്തത്. സംസ്ഥാന പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ഡയറക്ടർ കൂടിയാണ് മത്തായി ചാക്കോ. ഏറെ ചർച്ചകൾക്കുശേഷമാണ് നടപടികളുണ്ടായത്. ജില്ലാ സെക്രട്ടേറിയറ്റ് രണ്ടംഗസമിതിയെ ഇതിനായി നിയോഗിച്ചിരുന്നു.
കുന്പളാംപൊയ്ക ബാങ്കിന്റെ തലച്ചിറ ശാഖയിലെ ജീവനക്കാരനും വടശേരിക്കര പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റും സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന പ്രവീണ്‍ പ്രഭാകരനാണ് പലപ്പോഴായി അഞ്ചു കോടി തട്ടിയതായി പരാതി ഉണ്ടായത്. പ്രവീണ്‍ പ്രഭാകരനെതിരെ ബാങ്ക് പോലീസിൽ പരാതി നൽകുകയും പിന്നീട് കോടതിയിൽ കീഴടങ്ങുകയുമുമുണ്ടായി. ഇയാൾക്കെതിരെ പാർട്ടിയും നടപടിയെടുത്തിരുന്നു.
സിപിഎം നേതൃത്വം കൂടി ആസൂത്രണം ചെയ്താണ് തട്ടിപ്പെന്ന് ആരോപണം ഉയർന്നതോടെയാണ് ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. ബാങ്കിൽ നിന്നുമെടുത്ത വായ്പ ഇരട്ടിപ്പിച്ചു കാണിച്ചും മടക്കി നൽകിയ തുക ബാങ്കിലടയ്ക്കാതെയുമാണ് ബാങ്കിലെ ജൂനിയർ ക്ലാർക്ക് പ്രവീണ്‍ പ്രഭാകരൻ തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് വ്യക്തമായതോടെ ഇയാൾ 60 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. ബാങ്ക് ശാഖയിലെ ഒരു ജീവനക്കാരൻ നടത്തിവന്ന തട്ടിപ്പ് ഹെഡ്ഓഫീസോ ഡയറക്ടർ ബോർഡോ അറിഞ്ഞിരുന്നില്ലെന്ന വാദമാണ് മത്തായി ചാക്കോ ഉയർത്തിയത്. എന്നാൽ ശാഖയിലെ തിരിമറികളും ക്രമക്കേടും ബാങ്ക് പ്രവർത്തനത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്തു.
സിപിഎം നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്കിലെ പ്രശ്നങ്ങളിൽ നിന്ന് പാർട്ടിക്ക് മാറിനിൽക്കാനാകാത്ത സാഹചര്യത്തിലാണ് ഒരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടി സ്വീകരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയമാണ്.