കേരളത്തില്‍ നിലവില്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുന്ന വിവാദമാണ്, കേരള വര്‍മ്മ കോളജിലെ അധ്യാപിക ദീപാ നിശാന്തിനെതിരെ യുവ കവി എസ്. കലേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണം. തന്റെ കവിത പേര് വച്ച് കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നതാണ് കലേഷിന്റെ ആരോപണം. കലേഷിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ തക്ക വാദമുഖങ്ങളൊന്നും നിരത്താന്‍ ദീപ നിശാന്തിന് സാധിച്ചിട്ടുമില്ല. സമൂഹത്തിന്റെ നാനാദിക്കുകളില്‍ നിന്നും ദീപയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഏതായാലും കോപ്പിയടി വിവാദത്തില്‍ ദീപ നിശാന്തിനെ പേരെടുത്ത് പറയാതെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സാങ്കല്പിക കഥാപാത്രങ്ങളിലൂടെയും, സന്ദര്‍ഭങ്ങളിലൂടെയും ഈ സംഭവത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ജ്യൂഡിന്റെ പോസ്റ്റ് വൈറല്‍ ആവുകയാണ്.
ജ്യൂഡിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…
‘ഒരു ദിവസം ഡുണ്ടുമോള്‍ ക്ലാസ്സില്‍ ഒരു കിടിലന്‍ റബര്‍ കൊണ്ടുവന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലര്‍ പറഞ്ഞു ഇത് പിക്കുവിന്റെ റബര്‍ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോള്‍ പറഞ്ഞു ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബര്‍ വാങ്ങിയത് കടക്കാരന്‍ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോള്‍ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാന്‍ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോള്‍’. ജൂഡ് കുറിക്കുന്നു.
മുന്‍പ് മമ്മൂട്ടി ചിത്രം കസബയെകുറിച്ച് നടി പാര്‍വതി മ്പടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍വതിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച ജൂഡിനെതിരേ ദീപ രംഗത്ത് വന്നിരുന്നു.
സര്‍ക്കസ് കൂടാരത്തിലെത്തിയ കുരങ്ങ് അഭ്യാസിയായി അറിയപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കസ് മുതലാളിമാരെ തെറിപറയുന്നുവെന്നായിരുന്നു ജൂഡിന്റെ പരിഹാസം.
സംഭവത്തില്‍ ജൂഡിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ദീപയുടെ പ്രതികരണം. കൊച്ചി മേയര്‍ സൌമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ജൂഡിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കൂടി പങ്കുവച്ച്കൊണ്ടാണ് ദീപ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
”ജൂഡ് സ്ത്രീവിരുദ്ധനല്ല! സംവരണവിരുദ്ധന്‍ തീരെയല്ല! കാട്ടില്‍ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന ‘മൃഗശിക്ഷകനാണ്’ ആ മഹാനായ മനുഷ്യന്‍!” ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.