മങ്കൊന്പ്: ഒരു മാസക്കാലമായി നടത്തിവന്ന അറ്റകുറ്റപ്പണികൾ ഏകദേശം പൂർത്തിയായതോടെ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇനി സുഗമസഞ്ചാരം. പരാതികൾ ഏറെ ഉയർന്നെങ്കിലും കുണ്ടും, കുഴിയുമായി തകർന്നുകിടന്നിരുന്ന കളർകോട് മുതൽ പെരുന്നവരെയുള്ള 24 കിലോമീറ്റർ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.
ടാറിംഗിനൊപ്പം റോഡിന്റെ ഏറെ താഴ്ന്ന ഏഴു പ്രദേശങ്ങൾ മണ്ണിട്ടുയർത്തി. ആലപ്പുഴ ഭാഗത്തുനിന്നാരംഭിച്ച പണികൾ ഇപ്പോൾ പെരുന്ന പ്രദേശത്താണ് അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്. ഏറെ തിരക്കുള്ള റോഡിൽ നടക്കുന്ന പണികൾ പലപ്പോഴും ഗതാഗതത്തിനു തടസമായിരുന്നെങ്കിലും യാത്രികരും പൂർണമായി സഹകരിച്ചിരുന്നു.
അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയാഗ്യമാക്കുന്നതിനു പത്തരകോടി രൂപയാണ് അനുവദിച്ചിരുന്നത്. രാത്രികാലങ്ങളിലാണു പ്രധാനമായും പണികൾ നടക്കുന്നത്. ചങ്ങനാശേരി ഭാഗത്തെ അവശേഷിക്കുന്ന ജോലികൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്.
അതേസമയം അറ്റകുറ്റപ്പണികൾ സംബന്ധിച്ച് മാന്പുഴക്കരി പ്രദേശത്ത് പരാതികൾ ഉയർന്നിരുന്നു. മഴ പെയ്താൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന ഈ പ്രദേശം ഉയർത്താതിരുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്. വാട്ടർ അഥോറിറ്റിയുടെ പണികൾ നടക്കുന്നതിനാൽ ഇവിടുത്തെ കുറച്ചു സ്ഥലത്തു ഇനിയും ടാറിംഗ് അവശേഷിക്കുന്നുമുണ്ട്.
പണികൾ പൂർത്തിയാകുന്ന മുറയ്ക്കു പരന്പരാഗത രീതിയിൽ ഇവിടുത്തെ ടാറിംഗ് പൂർത്തിയാക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. തുടർച്ചയായ വെള്ളപ്പൊക്കങ്ങളെ തുടർന്ന് റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാതായി തീർന്നിരുന്നു.
എന്നാൽ ഉപരിതലം പൂർണമായി ടാറിംഗ് ചെയ്യുന്ന രീതിയിൽ എസ്റ്റിമേറ്റിൽ മാറ്റം വരുത്തി മൂന്നു സെൻറീമീറ്റർ കനത്തിലും ഏഴരമീറ്റർ വീതിയിലുമായി റോഡ് പൂർണമായി ടാറിഗ് നടത്തുകയായിരുന്നു. പള്ളാത്തുരുത്തിയിൽ നൂറുമീറ്റർ, കൈനകരിയിൽ 370 മീറ്റർ, പൊങ്ങയിൽ രണ്ടു ഭാഗങ്ങളിലായി 150, 220 മീറ്ററും, നെടുമുടി നസ്രത്ത് 480 മീറ്റർ, മങ്കൊന്പിൽ രണ്ടു ഭാഗങ്ങളിലായി 120, 420 മീറ്ററുമാണ് റോഡ് മണ്ണിട്ടുയർത്തി നിർമിച്ചിരിക്കുന്നത്.