പെരുന്പാവൂർ: കുടുംബവഴക്ക് പറഞ്ഞു തീർക്കാനെത്തിയ ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ആശുപത്രിയിലായ പ്രതിയുടെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. അറക്കപ്പടി മോട്ടിലാൻ കോളനിയിൽ പാറപ്പുറത്ത് വീട്ടിൽ ഷാജി (49) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമാനി സ്വദേശി തച്ചേലാൻ വീട്ടിൽ മരക്കാർ മകൻ അഷറഫ് (34) ആണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലായിലായത്.
പ്രതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തും.അഷ്റഫിന്റെ ഭാര്യയുടെ മാതൃസഹോദര പുത്രനാണ് ഷാജി. ഭാര്യ നാസിയയുമായി ഷാജി നിരന്തരം വഴക്കിടുക പതിവായിരുന്നു. ഞായറാഴ്ച വഴക്കുണ്ടായതിനെ തുടർന്ന് സമീപത്ത് താമസിച്ചിരുന്ന അഷ്റഫിന്റെ സഹോദരി പ്രശ്നം തീർക്കാൻ വിളിച്ചു ഇയാളെ വരുത്തിയിരുന്നു.
കുടുംബക്കാരിൽ ചിലർ തമ്മിലുള്ള ചർച്ചയിലാണ് പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവറായിരുന്ന അഷറഫ് ഷാജിയുമായി തർക്കത്തിലേർപെട്ടത്. ഇതിനിടയിലാണ് കത്തിയെടുത്ത് നെഞ്ചിന് താഴെ കുത്തിയത്. തർക്കത്തിൽ അഷറഫിനും പരിക്കേറ്റിരുന്നു. തുടർന്ന് പ്രതി ബൈക്കെടുത്ത് രക്ഷപെടുകയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
ഇവിടെ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ ഷാജിയെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്തം വാർന്ന് മരിച്ചിരുന്നു. അറക്കപ്പടിയിൽ കാറ്ററിംഗ് യൂണിറ്റ് നടത്തിവന്നിരുന്ന ഷാജിക്ക് രണ്ട് മക്കളാണുള്ളത് അക്ബർ, മുസ്തഫ.