എ.ജെ.വിൻസൻ
എങ്ങണ്ടിയൂർ: അന്പതുസെന്റ് സ്ഥലത്തെ പുല്ല് വേരോടെ പറിച്ചെടുക്കാൻ ഏങ്ങണ്ടിയൂരിലെ ജോസ് പുലിക്കോട്ടിലിനു വേണ്ടതു രണ്ടു മണിക്കൂർ മാത്രം. സ്വന്തമായി വികസിപ്പിച്ചെടുത്ത ഗ്രാസ് പുള്ളർ ആണ് താരം. വീട്ടുപറന്പിലെ പുല്ല്, പുല്ലുവെട്ടി കൊണ്ട് പറിച്ചെടുക്കുന്പോൾ രണ്ടുമാസം കഴിഞ്ഞാൽ വീണ്ടും പുല്ല് നിറയും.
വേരോടെ പുല്ല് പറിച്ചുകളയാനുള്ള ഒരു ഉപകരണം എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിൽനിന്നാണ് ആറുമാസം കൊണ്ട് ഈ ഉപകരണം ജോസ് ഉണ്ടാക്കിയത്. വേരടക്കം പറിച്ചെടുക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇതുകൊണ്ട ് സാധിക്കും.
പുല്ലുവെട്ടി യന്ത്രത്തിന് ഒരു മണിക്കൂറിന് 750 രൂപയോളം ചെലവു വരുന്പോഴാണ് 1000 രൂപകൊണ്ട് ഇത്തരം ഒരു ഉപകരണം ജോസ് ഉണ്ടാക്കിയത്. പുല്ലുകൾ പറിച്ചെടുക്കുക മാത്രമല്ല ഇതേ ഉപകരണം കൊണ്ട ് പറിച്ചെടുക്കുന്ന പുല്ലുകൾ ഇഷ്ടമുള്ള സ്ഥലത്തേക്കു മാറ്റുകയും ചെയ്യാം. മുതിർന്നവർക്കും കുട്ടികൾക്കും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നു ജോസ് പറഞ്ഞു.
തൃശൂർ ശക്തൻ സ്റ്റാൻഡിൽ 20 വർഷമായി ജോസ്കോ ഫൈവ് വാച്ച് കട നടത്തുന്ന ജോസ് ഒഴിവുസമയത്താണ് യന്ത്രം കണ്ടുപിടിച്ചത്. ആയിരം രൂപയ്ക്ക് ഇത്തരമൊന്ന് ഉണ്ടാക്കി മറ്റുള്ളവർക്കു നല്കാൻ ജോസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
നേരത്തെ ഫാൻ പ്രവർത്തിപ്പിച്ച് മുകളിലെ വാട്ടർടാങ്കിലേക്ക് വെള്ളം പന്പു ചെയ്യുന്ന ഉപകരണം, കാലുകൊണ്ട് പ്രവർത്തിപ്പിച്ച് മുകളിലെ ടാങ്കിലേക്കു വെള്ളം പന്പ് ചെയ്യുന്ന ഉപകരണം, താഴെനിന്നു മരത്തിനുമുകളിലെ കൊന്പുകൾ മുറിക്കാനുള്ള കട്ടർ എന്നിവയെല്ലാം ജോസ് കണ്ടുപിടിച്ചിട്ടുണ്ട്.