മലന്പുഴ: മലന്പുഴ നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു. കുന്നനൂർ ആത്മ ട്രെയ്നിംഗ് ഹാളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മലന്പുഴ നിയോജകമണ്ഡലത്തിന് കീഴിലെ പഞ്ചായത്ത് അധികൃതരുടെയും കൃഷി, മണ്ണ്, ജലസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലസേചനം എന്നീ വകുപ്പധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം.
മണ്ഡലത്തിന്റെ പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി പ്രാദേശികമായ വിഭവ സാധ്യതകൾ പ്രയോജനപ്പെടുത്തി 2019-20 വർഷത്തെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി പുതിയപദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബെന്നി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജലസേചനസൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുന്പ് ഗ്രാമപഞ്ചായത്തിൽ നെൽകൃഷി വിപുലമാക്കാൻ യോഗം തീരുമാനിച്ചു.
മൃഗസംരക്ഷണത്തിലൂടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ കൂടുതൽ വികസനം സാധ്യമാക്കാമെന്ന് കണ്ടെത്തി. മരുതറോഡ്, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിൽ സംയോജിത കൃഷിക്കാണ് പ്രാധാന്യം നല്കുന്നത്. മലന്പുഴ ഗ്രാമപഞ്ചായത്തിൽ സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി സ്പൈസ് വില്ലേജ് പദ്ധതി ആവിഷ്കരിക്കാനും മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ കൂർക്ക അടക്കമുള്ള കിഴങ്ങുവർഗ കൃഷികൾ വ്യാപിപ്പിക്കാനും തീരുമാനമായി.
സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നതെന്ന് മലന്പുഴ അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ എസ്.ലക്ഷ്മിദേവി അറിയിച്ചു. മലന്പുഴ ഡാം ഉദ്യാനത്തിന് സമീപത്തുള്ള പ്രദേശങ്ങളിൽ ഫാം ടൂറിസം സാധ്യതകൾ മലന്പുഴ ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീന വിശദീകരിച്ചു.
നിലവിലുള്ള ഫാമിന്റെ ഇൻഫ്രാസ്ട്രക്ച്ചർ മലന്പുഴ ഡാം ഗാർഡനുമായി ബന്ധപ്പെടുത്തിയുള്ള സാധ്യതകളാണ് വിശകലനം ചെയ്തത്. ഡിസംബർ 15നകം പദ്ധതി റിപ്പോർട്ട് പൂർത്തിയാക്കാൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എംഎൽഎയുമായ വി.എസ്.അച്യുതാനന്ദന്റെ പിഎ എൻ.അനിൽകുമാർ നിർദേശിച്ചു.
വാളയാർ ഡിവിഷനു കീഴിലുള്ള 20 കുളങ്ങൾ, ചെറുചാലുകൾ എന്നിവ വൃത്തിയാക്കിയാൽ ജലസേചനത്തിനും മത്സ്യകൃഷി വ്യാപിപ്പിക്കാനും കഴിയുമെന്ന് വാളയാർ ഡിവിഷൻ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കുക, തൊഴിലുറപ്പുപദ്ധതി ഈ പദ്ധതിയുമായി ഏകോപിപ്പിക്കുക, കല്പാത്തി പുഴയോരത്തും ദേവസ്വം ബോർഡ് അധീനതയിലുള്ള തരിശുനിലങ്ങളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗം അംഗീകരിച്ചു.
മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജലക്ഷ്മി അധ്യക്ഷയായ യോഗത്തിൽ മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.