കൊല്ലം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴിലുള്ള കാവനാട് ഫെറി സർവീസ് നിലച്ചിട്ട് ഒരുമാസം. ഇതുകാരണം യാത്രാക്ലേശം രൂക്ഷംമായി. ഈ ബോട്ട് അറ്റകുറ്റപ്പണികൾക്കായി ആലപ്പുഴയിൽ കൊണ്ടുപോയിട്ട് ഒരുമാസം കഴിഞ്ഞു. പകരം ഒരു സർവീസ് പോലും നടത്താൻ അധികൃതർ തയാറായിട്ടില്ല. ഇതുമൂലം നൂറുകണക്കിന് സ്ഥിരം യാത്രക്കാരും വിദ്യാർഥികളും മത്സ്യത്തൊഴിലാളികളും ബുദ്ധിമുട്ടുന്നു.
കാവനാട്, കുരീപ്പുഴ, സാന്പ്രാടിക്കോണി മേഖലകളിലെ ജനങ്ങളാണ് യാത്രാക്ലേശത്താൽ ഏറ്റവും കൂടുതൽ നട്ടംതിരിയുന്നത്. ആലപ്പുഴയിലും മറ്റ് പ്രദേശങ്ങളിലും സർവീസ് നടത്തി കാലപ്പഴക്കം ചെന്ന ബോട്ടുകൾ കണ്ടം ചെയ്യാറാവുന്പോഴാണ് കൊല്ലം യൂണിറ്റിന് സർവീസ് നടത്താനായി നൽകുന്നത്. ഇങ്ങനെയുള്ള ബോട്ടുകൾ നിരന്തരം കേടാകുകയാണ്.
ഈ ബോട്ടുകളാണ് അറ്റകുറ്റപ്പണികൾക്കായി വീണ്ടും കൊണ്ടുപോകുന്നതെന്നാണ് ഏറ്റവും വലിയ വിരോധാഭാസം. പലപ്പോഴും അറ്റകുറ്റപണികൾക്ക് മാസങ്ങൾ എടുക്കുന്നതായാണ് അനുഭവം. ഇങ്ങനെയാണ് കൊല്ലത്തെ ജലഗതാഗത യാത്രികർ വലിയ ദുരിതം അനുഭവിക്കുന്നത്.
കൊല്ലത്തോട് ജലഗാതാഗത വകുപ്പ് അധികൃതർ കാണിക്കുന്ന അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ആംബുലൻസ് സർവീസ് അനുവദിക്കാതിരിക്കുന്നതെന്ന് വാട്ടർ ട്രാൻസ്പോർട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.റെസ്ക്യൂ ആന്റ് ആംബുലൻസ് സർവീസ് എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ആദ്യത്തെ മൂന്ന് ബോട്ടുകളിൽ ഒന്ന് കൊല്ലത്തിനാണ് അനുവദിച്ചിരുന്നത്.
എന്നാൽ നാളിതുവരെയും ഈ ബോട്ട് ജില്ലയ്ക്ക് ലഭിച്ചിട്ടില്ല.അറ്റകുറ്റപ്പണികളുടെ പേരിൽ ബോട്ടുകൾ ആലപ്പുഴയ്ക്ക് കൊണ്ടുപോകുകയും മാസങ്ങളോളം മുടക്കുകയും ചെയ്ത് യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടിയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റിന്റെ അനീതിക്കെതിരേ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർക്ക് അസോസിയേഷൻ നിവേദനം നൽകും. അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.