കൊല്ലം: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധി ധൃതി പിടിച്ച് നടപ്പാക്കാൻ നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും വിശ്വാസി സമൂഹത്തിൽ നിന്നും ഒററപ്പെട്ടതിന്റെ ജാള്യത മറച്ചുപിടിക്കാനാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത് വനിതാ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ അദ്യമായിട്ടാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമുദായ സംഘടനകളുടെ യോഗം വിളിച്ച് ചേർക്കുന്നത്. വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ ഒരിക്കലും അടിയറവ് പറയാത്ത സമുദായ നേതാക്കന്മാരെ ചർച്ചയ്ക്ക് വിളിച്ച് നവോഥാനം ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചത് അപമാനകരമാണെന്നും എംപി പറഞ്ഞു.
കേരളത്തിലെ ജനസമൂഹത്തെ ഒന്നായി കാണേസ്ഥ മുഖ്യമന്ത്രി കേരളജനതയെ സവർണരെന്നും അവർണരെന്നും വേർതിരിച്ച് സാമുദായികമായ അകൽച്ച സൃഷ്ടിക്കുവാനും സമുദായ സംഘർഷം വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുററപ്പെടുത്തി.