വർഷങ്ങൾ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങിയയാളെ സൗദി കുടുംബാംഗങ്ങൾ യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കണ്ണു നനയിപ്പിക്കുന്നു.
വടക്കൻ സൗദിയിലെ അൽ ജോഫിലുള്ള ഒരു വീട്ടിലാണ് മിഡോ ഷെരിൻ എന്നയാൾ കഴിഞ്ഞ 35 വർഷക്കാലം ജോലി ചെയ്തിരുന്നത്. വീട്ടിലെ കൃഷി നോക്കുവാനും സഞ്ചാരികൾ തങ്ങുന്ന റസ്റ്റ് ഹൗസിൽ കാപ്പിയും ചായയും വിതരണം ചെയ്യലുമായിരുന്നു ഇദ്ദേഹത്തിന്റെ ജോലി.
പ്രായാധിക്യത്താൽ ഇനിയുള്ള കാലം വിശ്രമത്തിനായി സ്വന്തം നാട്ടിലേക്ക് മടങ്ങുവാൻ തീരുമാനിച്ച ഇദ്ദേഹത്തെ യാത്രയാക്കുവാൻ വലിയ ആഘോഷമാണ് കുടുംബം സംഘടിപ്പിച്ചത്. അദ്ദേഹം മടങ്ങുമ്പോൾ കൈ നിറയെ പണം നൽകിയതിനു പുറമെ ഇനിയുള്ള കാലം അദ്ദേഹത്തിന് എല്ലാ മാസവും പെൻഷനും ഈ വീട്ടുകാർ നൽകും.
മിഡോ ഞങ്ങളുടെ കുടുംബത്തോട് എന്നും ആത്മാർത്ഥത പുലർത്തിയിരുന്നുവെന്നാണ് ഇദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ അംഗമായ അവാദ് ഖുഗൈർ അൽ റെമിൽ അൽ ഷെമീരി പറയുന്നത്. മാത്രമല്ല അദ്ദേഹം ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരോടും വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. ഞങ്ങളും കുടുംബത്തിലെ ഒരാളെ പോലെയാണ് മിഡോയെ കരുതിയിരുന്നതെന്നും അവാദ് ഖുഗൈർ ട്വിറ്ററിലൂടെ വ്യക്തമാക്കി.