കോട്ടയം: തൃക്കൊടിത്താനം, ചങ്ങനാശേരി പ്രദേശങ്ങളിൽനിന്ന് രണ്ടാഴ്ച മുന്‍പു കാണാതായ മുപ്പത്തേഴുകാരിയെയും പത്തൊൻപതുകാരനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസിന്റെ അന്വേഷണത്തിൽ ഇവർ മഹാരാഷ്ട്രയിൽ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. തൃക്കൊടിത്താനം സ്വദേശി യുവതിയെ കാണാതായതിന് തൃക്കൊടിത്താനത്തും യുവാവിനെ കാണാതായതിന് ചങ്ങനാശേരിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇരുവരും ഒരുമിച്ചാണ് പോയതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട്ട് വച്ച് ഇവരിൽ ഒരാളുടെ മൊബൈൽഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തിരുന്നു. പിന്നീട് ഓഫാക്കി. യുവതി നേരത്തേ മുംബൈയിൽ ജോലി ചെയ്തിരുന്നതാണ്. ഈ പരിചയത്തിൽ എവിടെയങ്കിലും ജോലി തരപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നു.
യുവതിയുടെ പഴയ ജോലിസ്ഥലം കണ്ടെത്തി എന്തെങ്കിലും സൂചന ലഭിക്കുമോ എന്നറിയുന്നതിനായി തൃക്കൊടിത്താനം പോലീസ് മുംബൈയ്ക്ക് പോയിട്ടുണ്ട്.
ചങ്ങനാശേരിയിൽ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു യുവാവും യുവതിയും. ഭാര്യയെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി ഭർത്താവാണ് പോലീസിൽ പരാതി നല്‍കിയത്.