പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിച്ച നവംബർ 15 മുതൽ നിലനിൽക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല. നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയമസഭയിലും ബിജെപി സെക്രട്ടേറിയറ്റ് പടിക്കലും സത്യഗ്രഹം നടത്തിവരുന്പോഴാണ് ഇന്നലെ രാത്രി മുതൽ നാലുദിവസത്തേക്കു കൂടി ദീർഘിപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നത്.
ബാബറി മസ്ജിദ് വാർഷികദിനവുമായി ബന്ധപ്പെട്ട അധിക സുരക്ഷ കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ ദീർഘിപ്പിക്കാനുള്ള തീരുമാനമെന്നു പറയുന്നു. ഇതോടൊപ്പം കഴിഞ്ഞ നാലുദിവസങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കെ ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ട് യുവതികളെ തടഞ്ഞ സംഭവവും നിലയ്ക്കലിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനടക്കം നിരോധനാജ്ഞ ലംഘിച്ചതും സമാധാനാന്തരീക്ഷത്തിനു തടസമായെന്നാണ് പോലീസ് റിപ്പോർട്ട്.
ഓരോ ദിവസവും രാത്രിയിൽ മാളികപ്പുറത്തു നടന്നുവരുന്ന നാമജപങ്ങളിൽ നൂറിലധികം ആളുകൾ കൂട്ടംകൂടുന്നതും ക്രമസമാധാനലംഘനമാകുന്നുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി 14വരെ നിരോധനാജ്ഞ തുടരണമെന്നതായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. ശബരിമലയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും എഡിഎമ്മും നൽകിയ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് നാലുദിവസത്തേക്കു കൂടി നീട്ടാനുള്ള തീരുമാനമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
മണ്ഡലകാലം ആരംഭിച്ച ആദ്യ ആഴ്ചകളിൽ നിലനിന്ന സംഘർഷം ഇപ്പോൾ ഒഴിവാകുകയും തീർഥാടനം സുഗമമായ അന്തരീക്ഷത്തിൽ ആകുകയും ചെയ്തപ്പോൾ നിരോധനാജ്ഞ ഒഴിവാക്കണമെന്നാവശ്യം ശക്തമായിരുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ശബരിമല സന്ദർശിച്ചപ്പോൾ ഇക്കാര്യം പരിശോധിച്ചെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല.
നിരോധനാജ്ഞയുടെ ആദ്യദിനങ്ങളിൽ സന്നിധാനത്തുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാലും വാവരുനടയ്ക്കു മുന്പിലും മറ്റുമുള്ള ബാരിക്കേഡുകൾ തടസമാണെന്ന് ദേവസ്വം ബോർഡും പോലീസിനോട് പറഞ്ഞിരുന്നു. ഇതു നീക്കാനും വലിയ നടപന്തലിലെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനും പോലീസ് തയാറായിട്ടില്ല.
ശബരിമലയിലെ ക്രമസമാധാനപാലനം നിയന്ത്രണത്തിൽ കൊണ്ടുവന്നത് നിരോധനാജ്ഞയിലൂടെയാണെന്ന് പോലീസ് അവകാശപ്പെടുന്പോഴും ഭക്തരുടെ എണ്ണത്തിലെ കുറവും വരുമാനത്തിലെ ഇടിവുമാണ് ദേവസ്വം ബോർഡിനെ ആശങ്കപ്പെടുത്തുന്നത്.