കോതമംഗലം: ഉത്പാദനച്ചെലവ് കൃമാതീതമായി ഉയർന്നതിനെത്തുടർന്ന് ഇറച്ചിക്കോഴി കർഷകർ വീണ്ടും തകർച്ചയിലേക്ക്. വൻകിട കന്പനികളുടെ കടന്നുകയറ്റവും സ്വാധീനവും ചെടുകിട കർഷകരെയും ഇന്റഗ്രേറ്റർമാരെയും തകർക്കുന്ന അവസ്ഥയാണ്. ഇക്കൂട്ടർ യാതൊരു മാനദണ്ഡവുമില്ലാതെ കോഴിക്കുഞ്ഞിന് വില വർധിപ്പിക്കുന്നതിനും വിപണി വില താഴ്ത്തുന്നതിനും മുൻകൈ എടുക്കുന്നു.
കിലോയ്ക്ക് 70-75 രൂപ കർഷകന് ഫാം വില ലഭിക്കുന്പോൾ കോഴിക്കുഞ്ഞിന് 50 രൂപ വരെ മുടക്കേണ്ട അവസ്ഥയാണ് നിലവിൽ. ഇതോടെ ചെറുകിട കർഷകരും കമ്മീഷൻ വ്യവസ്ഥയിൽ കൃഷി നടത്തുന്നവരും വൻ കടക്കെണിയിലായിരിക്കുകയാണ്. ഒരു കിലോയുള്ള കോഴിക്ക് 40 ദിവസത്തേക്ക് 50 രൂപ വരെ തീറ്റക്കു മാത്രം ചെലവ് വരുന്നുണ്ട്. ആകെ വരുന്ന 86-92 രൂപയുടെ ഭീമമായ ചെലവ് കർഷകന്റെ നട്ടെല്ലൊടിക്കുകയാണ്.
ഉത്പാദന ചെലവ് ഉയർന്നാലും ഇന്റഗ്രേറ്റർമാർ കർഷകർക്ക് കുഞ്ഞിനെ നൽകാൻ നിർബന്ധിതരാകുന്നു. കർഷകർക്ക് ആറു രൂപ മുതൽ 10 രൂപ വരെ ഇൻസെന്റീവ് കൂടി നൽകേണ്ടി വരുന്പോൾ ഇവരുടെ നഷ്ടവും വലുതാണ്. മൂന്നു വർഷം മുന്പു വരെ ഇറച്ചിക്കോഴി വിൽപനയിൽ തമിഴ്നാടിന്റെ പ്രധാന വിപണി കേരളമായിരുന്നു. എന്നാൽ മറ്റ് കാർഷിക ഉത്പങ്ങൾക്ക് വിലത്തകർച്ച ഉണ്ടായതോടെ സംസ്ഥാനത്ത് കോഴി കൃഷി വ്യാപിച്ചു തുടങ്ങി.
ഇതോടെ തമിഴ്നാട്ടിൽനിന്നുള്ള കോഴിവരവിന് മാന്ദ്യമുണ്ടായെങ്കിലും അതിന്റെ ഗുണം കേരളത്തിലെ കർഷകന് സ്വന്തമാക്കാനായില്ല. നിലവിൽ സംസ്ഥാനത്ത് പതിനായിരക്കണക്കിന് കോഴി കർഷകരുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ പ്രളയത്തിൽ നിരവധി ഫാമുകൾ നശിച്ചതിനാൽ ലക്ഷക്കണക്കിന് ടണ് കോഴി നഷ്ടപ്പെടുകയും വൻ സാന്പത്തിക നഷ്ടം കർഷകർക്ക് ഉണ്ടാകുകയും ചെയ്തിരുന്നു. ഇതോടൊപ്പം വില ഇടിവുകൂടിയായപ്പോൾ പലരും കടക്കെണിയിലുമായി.
കിലോയ്ക്ക് ശരാശരി 100 രൂപയെങ്കിലും വില ലഭിച്ചെങ്കിൽ മാത്രമേ നഷ്ടം കൂടാതെ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്നാണ് കർഷകർ പറയുന്നത്. കോഴിക്കുഞ്ഞിന് 50 രൂപയാണ് ഇപ്പോൾ വില. മരുന്ന്, വൈദ്യുതി ചെലവ്, തീറ്റ, തൊഴിൽക്കൂലി, തറയിൽ വിരിക്കുന്ന അറക്കപ്പൊടി എന്നിവ ഉൾപ്പെടെ വലിയ തുക വീണ്ടു ചെലവുവരും.
ഫാമുകൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായാൽ ഇതര സംസ്ഥാനങ്ങളിലേയും കേരളത്തിലേയും വൻകിടക്കാർ പിന്നീട് വില നിശ്ചയിക്കുന്ന സ്ഥിതിയുണ്ടായേക്കും. കോഴി ഫാമുകളുടെ സുഗമമായ നടത്തിപ്പിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കോഴി ഇറച്ചിക്ക് മതിയായ വില സ്ഥിരത ഉറപ്പു വരുത്തുകയും സൗജന്യ വൈദ്യുതി, കോഴി തീറ്റയ്ക്ക് സബ്സിഡി എന്നിവ ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.