കോഴിക്കോട്: കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലെ വിരലടയാളം അടക്കം സുപ്രധാന തെളിവുകൾ നശിപ്പിക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കൊലപാതകം, കവർച്ച, ഭവനഭേദനം, മോഷണം, മറ്റ് അക്രമസംഭവങ്ങൾ എന്നിവ നടന്നാൽ അവിടെ യാതൊരുവിധ പരിശോധനയും നടത്തരുതെന്ന് പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു നൽകുന്നു.
അറിയിപ്പ് ഇങ്ങനെ:-
“”കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നു കിട്ടുന്ന തെളിവുകളാണ് കുറ്റവാളിയെ കണ്ടെത്തുന്നതിന് സഹായകമാകുന്നത്. കുറ്റവാളിയെ തിരിച്ചറിയുന്നതിനുള്ള സുപ്രധാന തെളിവാണ് വിരലടയാളം.മോഷണം, കൊലപാതകം തുടങ്ങിയ കേസുകളിൽ നിർണായകമാകുന്ന ഇത്തരം തെളിവുകൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കുറ്റകൃത്യം നടന്ന സ്ഥലത്തു പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരോ, സയന്റിഫിക് അസിസ്റ്റന്റോ എത്തി പരിശോധിക്കുന്നതു വരെ യാതൊന്നിലും തൊടാതിരിക്കുക. കുറ്റവാളികൾ ഉപയോഗിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കൾ ഒരുകാരണവശാലും സ്പർശിക്കരുത്. കൃത്യസ്ഥലങ്ങളിൽ പോലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ സഹകരിക്കേണ്ടതുമാണ്.
മിക്കവാറും സ്ഥലങ്ങളിൽ വീട്ടുകാരുടേയോ , അയൽവാസികളുടേയോ പരിശോധനക്ക് ശേഷമായിരിക്കും പോലിസിനെ വിവരമറിയിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കുറ്റവാളികളെ സംബന്ധിച്ച തെളിവുകൾ നഷ്ടമായേക്കാം. ഗ്ലൗസ്, തൂവാല, കടലാസ് എന്നിവകൊണ്ട് പോലും കൈകാര്യം ചെയ്താൽ വിരലടയാളം മാഞ്ഞുപോകും എന്നതാണ് വാസ്തവം.
ഇക്കാര്യത്തിൽ സിനിമകളും സീരിയലുകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പൊതുജനങ്ങൾക്കു നൽകിയിരിക്കുന്നത്.”