കൊടുങ്ങല്ലൂർ: കെഎസ്എഫ്ഇയുടെ വ്യാജ രേഖ ഉണ്ടാക്കി തട്ടിപ്പു നടത്തിയയാൾ അറസ്റ്റിൽ. പുല്ലൂറ്റ് ചാപ്പാറ സ്വദേശി കാലടിപ്പറന്പിൽ ഉണ്ണികൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. കെഎസ്എഫ്ഇയുടെ ചിൽഡ്രൻസ് വെൽഫെയർ പ്ലാൻ എന്ന പേരിൽ 50000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കഴിഞ്ഞാൽ മാസം ആയിരം രൂപവച്ച് തിരികെ ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പലരിൽനിന്നായി പണം വാങ്ങുകയായിരുന്നു.
കെഎസ്എഫ്ഇയുടെ വ്യാജ സീലും ഇയാളുടെ കൈവശമുണ്ടായിരുന്നു. പുല്ലൂറ്റ് പള്ളിപ്പുറത്ത് ഷണ്മുഖന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതി 14 പേരിൽനിന്ന് പണം തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. എസ്ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പോലീസുകാരായ സി.ആർ. പ്രദീപ്, വിനോദ്, സി.ടി. രാജൻ, ഉമേഷ് എന്നിവർ ചേർന്നാണ് അനേ്വഷണം നടത്തിയത്.