വരന്തരപ്പിള്ളി: റിംഗ് റോഡിലെ സ്റ്റേറ്റ് ബാങ്കിന്റെ എടിഎം സെന്റർ കുത്തിതുറന്ന് കവർച്ച നടത്താൻ ശ്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.ഇതര സംസ്ഥാനക്കാരെയും ഗുണ്ടാസംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും പോലീസ് പരിശോധന നടത്തി. എടിഎം സെന്ററിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ രണ്ടു പേരുടെ ദൃശ്യങ്ങളിൽ നിന്നാണ് ഇതര സംസ്ഥാനക്കാരാണ് കവർച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്.
ഇതേ തുടർന്ന് കഴിഞ്ഞ രാത്രി മുതൽ സംശയം തോന്നിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു.ഇതിനിടെ വരന്തരപ്പിള്ളിയിലെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറയിൽ അഞ്ചു തവണ ഒരു ബൈക്കിന്റെ ചിത്രം പതിഞ്ഞതിൽ നിന്ന് മേഖലയിലെ ഗുണ്ടകളാണോ കവർച്ചക്ക് പിന്നിലെന്ന സംശയവും പോലീസിനുണ്ട്.
ഇതേ തുടർന്ന് പോലീസ് വാഹന പരിശോധനയും ശക്തമാക്കി.ഇന്നു വൈകീട്ടോടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് പോലീസ് പറയുന്നത്.ചാലക്കുടി ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡും വരന്തരപ്പിള്ളി പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.