മംഗലംഡാം: വനത്തിനുള്ളിൽ പോത്തംതോട് കാട്ടുചോലയ്ക്കുകുറുകേ പാലത്തിനായുള്ള തളികകല്ല് ആദിവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഓരോ തീയതികൾ മാറ്റിപറഞ്ഞു പാലംനിർമാണം വൈകുകയാണെന്നാണ് പരാതി.
പാലംപണി ഇപ്പോൾ ആരംഭിച്ചില്ലെങ്കിൽ അടുത്ത മഴക്കാലവും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയേണ്ടിവരുമെന്ന ആധിയിലാണ് വനത്തിനകത്തെ കോളനിനിവാസികൾ.
അതിവർഷമുണ്ടായ കഴിഞ്ഞ ഓഗസ്റ്റിൽ ഏറെദിവസങ്ങൾ കോളനിക്കാർ ഒറ്റപ്പെട്ട് ദുരിതത്തിലായി. പോത്തംതോട്ടിൽ പതിനൊന്നു മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് പാലം നിർമിക്കേണ്ടത്. പാലത്തിനു പത്തടിയോളം ഉയരവുമാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ ജൂണിൽ ആദിവാസികൾ സംഘടിച്ച് തോടിനു കുറുകേ മരംകൊണ്ട് താത്കാലിക പാലം നിർമിച്ചിരുന്നെങ്കിലും മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപോയി.
പുതിയ പാലത്തിന്റെ നിർമാണത്തോടൊപ്പം അരകിലോമീറ്ററോളം റോഡുപണിയും പൂർത്തിയാക്കാനുണ്ട്. വനത്തിലൂടെയുള്ള കടപ്പാറ-തളികകല്ല് റോഡിനു മൂന്നരകിലോമീറ്ററാണ് ദൂരം. ടൈൽസ് വിരിച്ചും കയറ്റങ്ങൾ കോണ്ക്രീറ്റ് ചെയ്തുമാണ് റോഡുപണി. ഈ പണികളും ഇപ്പോൾ നടക്കുന്നില്ല.
2016 ജനുവരി 20നാണ് തളികകല്ലിലേക്കുള്ള റോഡ് നിർമാണോദ്ഘാടനം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് നിർവഹിച്ചത്. എന്നാൽ നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം ആകുന്പോഴും പാലം നിർമാണത്തിന്റെ പ്രാഥമികപ്രവൃത്തികൾപോലും ആരംഭിക്കുന്നില്ലെന്നാണ് ആദിവാസികൾ പറയുന്നത്. ഇവിടെ പാലം നിർമിക്കാതെയുള്ള റോഡുപണി വ്യർഥമാണ്.
ആറുമാസംകൊണ്ട് റോഡും പാലവും വരുമെന്നായിരുന്നു തുടക്കത്തിലെ ഉറപ്പ്. റോഡുപണിക്ക് അനുവദിച്ച ഫണ്ട് യഥാസമയം കരാറുകാരന് കൈമാറാതെ വിവിധ വകുപ്പ് അധികൃതർ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയും ഇതിനിടെയുണ്ടായി. ആദിവാസികളുടെ ക്ഷേമത്തിനായി മുന്നിൽനിന്നു പ്രവർത്തിക്കേണ്ട പട്ടികക്ഷേമ വകുപ്പും കോളനികളിൽ വികസനം എത്തിക്കുന്നതിൽ വേണ്ടത്ര ആത്മാർഥത കാണിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.