കണ്ണൂർ: ബിജെപി-ആർഎസ്എസ് സംസ്ഥാന നേതാക്കളെ വധിക്കുമെന്ന് കാണിച്ച് ഭീഷണിക്കത്ത്. ബിജെപി കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ താളിക്കാവിലെ മാരാർജി ഭവനിലാണ് ഇന്നലെ ഉച്ചയോടെ ഭീഷണിക്കത്ത് ലഭിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, സെക്രട്ടറിമാരായ വി.വി. രാജേഷ്, ബി. ഗോപാലകൃഷ്ണൻ, ആർഎസ്എസ് നേതാവ് ഗോപാലൻകുട്ടി എന്നിവരെ വെട്ടിക്കൊല്ലുമെന്നാണു ഭീഷണി.
ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും അടുത്ത മേയ് വരെയെ നിന്റെയൊക്കെ കളിയുള്ളൂവെന്ന് ഓർത്തോയെന്നു പറഞ്ഞാണു കത്ത് അവസാനിക്കുന്നത്. കത്ത് പോലീസിന് കൈമാറിയെന്ന് നേതാക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.