നാദാപുരം: കല്ലാച്ചി മാര്‍ക്കറ്റ് റോഡില്‍ ജ്വല്ലറിയുടെ ചുമര് കുത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവം നാടിനെ ഞെട്ടിച്ചു. വളയം റോഡില്‍ ടാക്സി സ്റ്റാന്‍ഡിന് സമീപത്തെ സിറജുല്‍ ഹുദാ ജുമാ മസ്ജിദിന് പിന് വശത്തെ കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി പഴങ്കൂട്ടത്തില്‍ എ.കെ.കേളുവിന്റെ ഉടമസ്ഥതയിലുള്ള റിന്‍സി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
മുക്കാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പള്ളിയോട് ചേര്‍ന്ന കടയുടെ പിന് ഭാഗത്തെ ചുമര് കുത്തിത്തുരന്ന് കല്ലുകള്‍ ഇളക്കി മാറ്റി അകത്ത് കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.കെട്ടിടത്തിന്റെ ചുമരില്‍ മൂന്ന് വരികളിലായി പത്തോളം കല്ലുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
കടക്കുള്ളിലെ ചുമരുകളില്‍ പതിച്ച ഗ്ലാസുകളും ഫൈബറിന്റെ വാതിലും അടിച്ച് തകര്‍ക്കുകയും ആഭരണങ്ങള്‍ സൂക്ഷിച്ച ട്രേകള്‍ മുറിയില്‍ വാരി വലിച്ചിടുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ പി എസ്,നാദാപുരം സബ് ഡിവിഷണല്‍ ഡി വൈ എസ് പി ഇ.സുനില്‍ കുമാര്‍ ,എസ്ഐ എന്‍.പ്രജീഷ്,ജൂനിയര്‍ എസ് ഐ എസ്.നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.ചുമരിന് സമീപത്ത് നിന്നും ചുമര് തുരക്കാനുപയോഗിച്ച ഇരുമ്പായുധം പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.