കോട്ടയം: മെഡിക്കൽ കോളജിലെ റോഡ് പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ ശ്രദ്ധിക്കുക, ഹൃദ്രോഗികളോട് അൽപം കരുണ കാട്ടണം. റോഡ് ടാർ ചെയ്യുന്നതിന് മെറ്റൽ പാകിയ പാതയിലൂടെ സ്ട്രെച്ചർ തള്ളിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടാണ് ഇവിടത്തെ പ്രശ്നം. കാർഡിയോളജി വിഭാഗത്തിനു മുന്നിലുള്ള റോഡിലെ മിറ്റിൽ മിശ്രിതത്തിലൂടെ സ്ട്രെച്ചർ തള്ളിക്കൊണ്ടു പോകാൻ കഴിയുന്നില്ല.
നെഞ്ചു വേദനയായും മറ്റും എത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലെ ഇസിജി പരിശോധനയിലാണ് ഹൃദ്രോഗ ലക്ഷണം കണ്ടെത്തി കാർഡിയോളജിയിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുപോകുന്നത്. വരാന്തവഴി ഡിസിഎച്ച് സ്കാനിംഗ് സെന്ററിന്റെ പിന്നിലൂടെ വന്ന് റോഡ് മുറിച്ചു കടന്നാലേ കാർഡിയോളജിയിൽ എത്താനാവു. ഈ റോഡിൽ മെറ്റൽ പാകിയിരിക്കുകയാണ്.
റോഡിന്റെ രണ്ടു സൈഡിലും മെറ്റൽ ഇളകിയും വലിയ കഷണമായും കിടക്കുകയാണ്. ഇതിലൂടെ സ്ട്രെച്ചർ തള്ളിക്കൊണ്ടു പോകാൻ വലിയ ബുദ്ധിമുട്ടുണ്ട്. മെല്ലെ അനങ്ങാതെ കൊണ്ടുവരുന്ന രോഗിയെ റോഡ് കുറുകെ കടത്തുന്നത് തട്ടിയും മുട്ടിയുമാണ്.
അറ്റൻഡറും രോഗിയുടെ ബന്ധുക്കളും ചേർന്ന് സ്ട്രെച്ചർ പൊക്കിയാണ് മെറ്റൽ കിടന്ന ഭാഗത്തു നിന്ന് സട്രെച്ചർ നീക്കുന്നത്. കാർഡിയോളജിയുടെ മുൻവശത്തെ മെറ്റൽ കഷണങ്ങൾ ഒതുക്കി സ്ട്രെച്ചർ കടന്നു പോകാനുള്ള വഴിയൊരുക്കിയാൽ മതി. ഹൃദ്രോഗിയാണെന്നുള്ള ഒരു പരിഗണന ഉണ്ടാവണം. ടാറിംഗിന് ഇനിയും ദിവസങ്ങൾ വേണ്ടിവരും.
മെറ്റൽ ഇനിയും ഇളകും. അത് രോഗികൾക്ക് കൂടുതൽ ദുരിതമാവും. അതുണ്ടാകാതെ നോക്കണേ എന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.