സി.സി.സോമൻ
കോട്ടയം: ജില്ലയിലെ നാല് പോലീസ് സബ് ഡിവിഷനുകളിലേക്കുള്ള വനിതാ സ്പെഷൽ പോലീസിനെ രണ്ടു ദിവസത്തിനകം നിയമിക്കും. അൻപതിലധികം വനിതകളാണ് സ്പെഷൽ പോലീസ് നിയമനത്തിന് അപേക്ഷ നല്കിയിട്ടുള്ളത്. അപേക്ഷകൾ ജില്ലാ പോലീസ് മേധാവി പരിശോധിച്ച് ഇവരെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനായി സ്പെഷൽ ബ്രാഞ്ച് പോലീസിന് നല്കിയിരിക്കുകയാണ്.
യുവതികൾക്കെതിരേ എന്തെങ്കിലും തരത്തിലുള്ള കേസുകളുണ്ടോ എന്നും മറ്റുമാണ് അന്വേഷിക്കുന്നത്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയാലുടൻ നിയമനം നല്കും. ശബരിമല ഇടത്താവളങ്ങളിലും ട്രാഫിക് ഡ്യൂട്ടിയുമാണ് വനിതാ സ്പെഷൽ പോലീസിന് നല്കുന്നത്. കൂടുതലും ശബരിമല ഇടത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഡ്യൂട്ടിയാകും നല്കുക.
ഇവരുടെ യൂണിഫോമിൽ സ്പെഷൽ പോലീസ് എന്ന ബാഡ്ജ് ഉണ്ടാകും. ദിവസം 645 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ സബ് ഡിവിഷനുകൾക്കു കീഴിൽ വരുന്ന പോലീസ് സ്റ്റേഷനുകളിലേക്കാണ് നിയമനം. മൊത്തം അൻപത് പേരെയാണ് കോട്ടയം ജില്ലയിൽ നിയമിക്കാൻ നിർദേശമുള്ളത്.
എന്നാൽ ആവശ്യമായി വന്നാൽ രണ്ടാം ഘട്ടമായി കൂടുതൽ വനിതകളെ സ്പെഷൽ പോലീസായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് ഇതാദ്യമാണ് വനിതകൾക്ക് സ്പെഷൽ പോലീസ് നിയമനം നല്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതല ഏർപ്പെടുത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്താകെ 250 പേർക്ക് വനിതാ സ്പെഷൽ പോലീസ് നിയമനം നല്കാനാണ് നിർദേശമുള്ളത്.