കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവര്‍ക്കുമെതിരെയുള്ള ഐ.ടി കേസ് പുനരന്വേഷിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് ഇരുവരേയും വെല്ലുവിളിച്ച് മോദി രംഗത്തെത്തിയത്. ഇനി നിങ്ങള്‍ എങ്ങനെ രക്ഷപ്പെടുമെന്നത് ഒന്നു കാണണം എന്നാണ് മോദി പറഞ്ഞത്.
ചായക്കാരന്റെ ധൈര്യം ഇതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു വെല്ലുവിളി ഉയര്‍ത്തിയത്.
‘ഇനി നിങ്ങള്‍ എങ്ങനെ രക്ഷപ്പെടുമെന്നത് ഒന്നു കാണണം… നാലു തലമുറയായി രാജ്യത്തെ നയിക്കുന്നവരെ കോടതി മുറിയില്‍ കുടുക്കിയ ചായക്കാരന്റെ ധൈര്യം കണ്ടോളൂ.’ എന്നാണ് മോദി പറഞ്ഞത്.
2011-12 കാലഘട്ടത്തില്‍ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുലിനും സോണിയക്കുമെതിരെ ഉണ്ടായ നികുതി വെട്ടിപ്പ് ആരോപണം സംബന്ധിച്ച കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ ആദായ നികുതി ഡിപ്പാര്‍ട്ട്മെന്റിനെ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം.
സത്യസന്ധന്മാരുടെ വിജയം എന്നാണ് ഇതിനെ മോദി വിശേഷിപ്പിച്ചത്. പാര്‍ട്ടി നേതാക്കളുടെ പേരുപോലുമറിയാത്ത രാഹുല്‍ ഗാന്ധി അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കു വേണ്ടി എന്ത് ചെയ്യുമെന്നത് ഊഹിക്കാമല്ലോ എന്ന് പരിഹസിക്കാനും മോദി മറന്നില്ല.