പണനയം വിശദീകരിക്കാനുള്ള റിസർവ് ബാങ്ക് പത്രസമ്മേളനം ഇന്നലെ എല്ലാവരും സാകുതം ശ്രദ്ധിച്ചു. സർക്കാരുമായുള്ള ബാങ്കിന്റെ പോരാട്ടത്തെപ്പറ്റി ഏതെങ്കിലും കിട്ടുമോ എന്നായിരുന്നു ശ്രദ്ധ. പക്ഷേ ഒന്നും കിട്ടിയില്ല. ഗവർണർ ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർമാരും ഒരു വിവാദ വിഷയവും സ്പർശിച്ചില്ല. എന്നാൽ റിസർവ് ബാങ്കിൽ നിന്ന് ഇന്നലെ ഉണ്ടായത് ആശ്വാസ നടപടികളാണ്. നാടകീയമൊന്നുമല്ലെന്നു മാത്രം.
പലിശ കുറയും
ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു കയറുന്നില്ലെങ്കിൽ പലിശ ഇനി കുറയും എന്നതാണ് ഒന്നാമത്തെ ആശ്വാസം. ഇന്നലെ നിർണായക പലിശ നിരക്കുകൾ ഒന്നും മാറ്റിയില്ല. ഒക്ടോബറിലെ പണനയ കമ്മിറ്റി (എംപിസി) യോഗവും പലിശനിരക്ക് മാറ്റിയില്ല. അടുത്ത യോഗങ്ങളിലും പലിശ കൂട്ടാൻ സാധ്യത കുറവ്.
വിലക്കയറ്റത്തിൽ ആശ്വാസം
വിലക്കയറ്റത്തെപ്പറ്റിയുള്ള പ്രതീക്ഷ കുറച്ചു. മാർച്ച് ആകുന്പോഴേക്ക് 3.9-4.5 ശതമാനം മേഖലയിലാകും ചില്ലറ വിലക്കയറ്റം എന്നാണു മുന്പ് കണക്കുകൂട്ടിയത്. അത് 2.7-3.2 ശതമാനമായി ഇന്നലെ കുറച്ചു. കഴിഞ്ഞ ആറു പണനയകമ്മിറ്റികളും കണക്കാക്കിയതിലും കുറവായിരുന്നു യഥാർഥ വിലക്കയറ്റം. അടുത്ത ധനകാര്യവർഷം ആദ്യ പകുതിയിൽ 3.8-4.2 ശതമാനം വിലക്കയറ്റമാണു പ്രതീക്ഷ.
വിലക്കയറ്റ പ്രതീക്ഷ കുറച്ചെങ്കിലും നയപരമായ സമീപനം മാറ്റിയില്ല. ഘട്ടംഘട്ടമായി പലിശ കൂട്ടുക എന്ന നയം മാറ്റിയില്ല. നിരീക്ഷകർ കരുതുന്നത് അടുത്ത യോഗത്തിൽ സമീപനം മാറ്റുമെന്നാണ്.
വളർച്ച പോരാ
വളർച്ചക്കാര്യത്തിൽ റിസർവ് ബാങ്ക് മുൻ പ്രതീക്ഷ നിലനിർത്തി. 2018-19ൽ 7.4 ശതമാനം വളർച്ചയാണു പ്രതീക്ഷ. രണ്ടാം ത്രൈമാസ വളർച്ച 7.1 ശതമാനത്തിലേക്കു താണപ്പോൾ മറ്റു പലരും വാർഷിക പ്രതീക്ഷ കുറച്ചു. എന്നാൽ, റിസർവ് ബാങ്ക് അതു ചെയ്തില്ല. രണ്ടാം പകുതിയിൽ 7.2-7.3 ശതമാനം വളർച്ച ഉണ്ടാകുമെന്നു ബാങ്ക് കരുതുന്നു.
എന്നാൽ, ആഗോളതലത്തിൽ വളർച്ചയെപ്പറ്റി ആശങ്കയുള്ളതു ബാങ്ക് ശ്രദ്ധിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും വളർച്ച കുറയുകയാണ്. ജപ്പാനിലും ചൈനയിലും നിരക്കു കുറഞ്ഞു. ഇന്ത്യയും നാളെ കുറഞ്ഞ വളർച്ചയിലേക്കു നീങ്ങിയേക്കാം.
തർക്ക വിഷയങ്ങൾ
കേന്ദ്ര സർക്കാരുമായുള്ള തർക്കവിഷയങ്ങളിലേക്ക് റിസർവ് ബാങ്ക് ഇന്നലെ ഒരു സൂചനപോലും നല്കിയില്ല. എന്നാൽ, വ്യവസായ മേഖലയ്ക്കു വേണ്ടത്ര വായ്പ കിട്ടുന്നില്ല എന്ന സർക്കാർ വാദത്തിൽ വലിയ കഴന്പില്ലെന്നു സ്ഥാപിച്ചു.
പണവിപണിയിലെ പലിശനിരക്ക് മിക്ക ദിവസങ്ങളിലും റിസർവ് ബാങ്കിന്റെ നയപരമായ നിരക്കിലും താഴെയായിരുന്നു. പണലഭ്യതയിൽ പ്രശ്നമില്ലെന്നാണ് ഇതു കാണിച്ചത്. ഒക്ടോബറിലും നവംബറിലും കടപ്പത്രം തിരികെ വാങ്ങി 86,000 കോടി രൂപ വിപണിയിലിറക്കി. പ്രതിദിന ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫസിലിറ്റിയിൽ ഒക്ടോബർ ഒന്നിനു ശേഷം 1.47 ലക്ഷം കോടി രൂപയും നല്കി. ബാങ്ക് വായ്പകളിലും നല്ല വർധനയുണ്ട്.
പലിശനിർണയം
പണനയകമ്മിറ്റിയുടേതല്ലാത്ത ഏതാനും നടപടികൾകൂടി റിസർവ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ചു. ബാങ്കുകൾ നല്കുന്ന വ്യക്തിഗത-ചില്ലറ വായ്പകൾക്കു പുതിയ മാനദണ്ഡം പ്രഖ്യാപിച്ചതാണ് അതിൽ പ്രധാനം. ഭവന, വാഹന വായ്പകൾ എടുക്കുന്നവർക്ക് ഇതു സഹായകമാകും.
ഏപ്രിൽ ഒന്നുമുതൽ ഒരു നിഷ്പക്ഷ നിരക്ക് ആധാരമാക്കിയാകും വായ്പകളുടെ പലിശ നിശ്ചയിക്കുക. ഇതുവരെ ബാങ്കുകൾക്കു വരുന്ന ചെലവ് ആധാരമാക്കിയായിരുന്നു പലിശ. അതു കണക്കാക്കുന്നത് എങ്ങനെയെന്ന് ആർക്കും അറിയാമായിരുന്നില്ല. ഇനി ബാങ്കിനു പുറമേയുള്ള ഒരു നിരക്കിന്റെ അടിസ്ഥാനത്തിലാകും പലിശ. തികച്ചും ഉപയോക്തൃ പക്ഷത്തുനിന്നുള്ള നടപടിയാണത്.
റ്റി.സി. മാത്യു