എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ആർഎസ്പി എൽഡി.എഫിലേയ്ക്ക് തിരികെ വരണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഇടതുപക്ഷ നിലപാടുള്ള ആർ.എസ്.പി ഇനിയും യുഡിഎഫിൽ തുടരുന്നതു ശരിയാണോയെന്ന് ഗൗരവമായി ചിന്തിക്കണം. ആർ.എസ്.പി ഉൾപ്പടെ ഇടതു പക്ഷ നിലപാടുകളോട് ചേർന്നു നിൽക്കുന്ന എതു രാഷ്ട്രീയപാർട്ടിയ്ക്കും എൽ.ഡി.എഫിലേയ്ക്ക് കടന്നു വരാം.
ഈ മാസം 26ന് എൽ.ഡി.എഫ് യോഗം ചേരുന്നുണ്ട്. യോഗത്തിന്റെ പ്രധാന അജണ്ട എൽ.ഡി.എഫ് വിപുലീകരണമാണ്. എൽ.ഡി.എഫുമായി സഹകരിച്ചു പ്രവർത്തിക്കുന്ന കക്ഷികളെയെല്ലാം ഉൾപ്പെടുത്തണം എന്നതാണ് നയം. ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്തി പരമാവധി പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തണം എന്നാണ് ആഗ്രഹിക്കുന്നത്.
എൽഡി.എഫുമായി നിലവിൽ സഹകരിച്ചു പ്രവർത്തിക്കുന്ന കക്ഷികൾ ലയിച്ചു ഒറ്റകക്ഷിയായി മാറണമെന്ന നിർദ്ദേശം എൽ.ഡി.എഫ് മുന്നോട്ടു വച്ചിരുന്നു. ഇതിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത എൽഡിഎഫിനു മുന്പ് ഇക്കാര്യത്തിലും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സി.കെ ജാനു നേതൃത്വം നൽകുന്ന പാർട്ടി എൽഡി.എഫിലേയ്ക്ക് വന്നാൽ അവരെയും ഉൾപ്പെടുത്തും. ഇതേ സമീപനം തന്നെ ബിഡി.ജെ.എസ് വന്നാലും സ്വീകരിക്കും. അന്തിമ തീരുമാനം എൽഡി.എഫിലെ എല്ലാ ഘടകകക്ഷികളുമായി ചേർന്ന് ചർച്ച ചെയ്തു തീരുമാനിക്കും.
ബിഡി.ജെ.സ് ഇതുവരെ എൽ.ഡി.എഫ് നേതൃത്വത്തവുമായി മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു. വിരേന്ദ്രകുമാറിന്റെ ജനതാദൾ,ബാലകൃഷണപിള്ളയുടെ ആർ.എസ്.പി ബി, ഫ്രാൻസിസ് ജോർജ്ജ് നേതൃത്വം നൽകുന്ന ജനാധിപത്യ കേരള കോൺഗ്രസ്, കോവൂർ കുഞ്ഞുമോന്റെ ആർ.എസ്.പി, തുടങ്ങി നിരവധി പാർട്ടികളാണ് മുന്നണി പ്രവേശനം കാത്ത് എൽഡി.എഫിന് പുറത്തു നിൽക്കുന്നത്.