കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിൻമേൽ 13നു ചർച്ച നടക്കും.13 അംഗ ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും ആറു വീതമാണ് അംഗബലം. ബിജെപിക്ക് ഒരു അംഗവുമുണ്ട്.
കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റായി കോണ്‍ഗ്രസിലെ നിർമല മാത്യൂസും വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ അക്കാമ്മ ജോണ്‍സണും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപി അംഗം വിട്ടുനിന്നതോടെ ഇരുമുന്നണി സ്ഥാനാർഥികൾക്കും ആറു വീതം വോട്ടുകളാണ് ലഭിച്ചത്.
അവിശ്വാസം പാസാകണമെങ്കിൽ ഏഴ് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപി സഹായത്തോടെ അവിശ്വാസം പാസാക്കാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എന്നാൽ ഭരണത്തിലെത്താൻ ബിജെപിയുടെ സഹായം തേടില്ലെന്നും അവർ പറയുന്നു.
കോയിപ്രം ബ്ലോക്കിൽ പ്രസിഡന്റു പദം ജനറലാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പാർട്ടി അന്തരിച്ച ഡിസിസി വൈസ് പ്രസിഡന്റ് മാത്യൂസ് പി. ഏബ്രഹാമിന്റെ പത്നി എന്ന നിലയിൽ നിർമലാ മാത്യൂസിന് സ്ഥാനം നൽകുകയായിരുന്നു.
കോണ്‍ഗ്രസിലെ മറ്റു ചില അംഗങ്ങൾ പ്രസിഡന്റു പദത്തിന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ടേം അനുവദിക്കാതെ നിർമല മാത്യൂസിനെ കെപിസിസിയും പിന്തുണയ്ക്കുകയായിരുന്നു. അവിശ്വാസം വന്നതോടെ കോണ്‍ഗ്രസ് അംഗങ്ങളിലും ചില ധാരണകൾ രൂപപ്പെടുത്തണമെന്ന ആവശ്യം ഉണ്ടായിട്ടുണ്ട്.