ചങ്ങനാശേരി: ബാങ്ക് മാനേജർ എന്ന വ്യാജേന അക്കൗണ്ട് ഹോൾഡറെ ഫോണിൽ ബന്ധപ്പെട്ട് എടിഎം കാർഡിന്റെ ഒടിപി നന്പർ ശേഖരിച്ച് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കുന്ന സംഭവത്തിൽ ദുരൂഹത. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ തട്ടിപ്പുകാർക്ക് എങ്ങനെ ലഭിക്കുന്നുവെന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്.
ആധാർ രേഖകൾ ചോർത്തിയാണോ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് സംശയം ഉയരുന്നുണ്ട്. ബാങ്കിന്റെ സെർവറിൽ നിന്നു വിവരങ്ങൾ ചോരാൻ സാധ്യത കുറവാണ്. അതേസമയം ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന ചില മൊബൈൽ ആപ്പുകളിൽ നിന്ന് വിവരങ്ങൾ ചോരാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
പണം നഷ്ടപ്പെട്ടന്ന ചങ്ങനാശേരി നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകർക്കു ഫോണ് സന്ദേശം ലഭിച്ച ഫോണ് നന്പരുകൾ സൈബർ സെല്ലിനു കൈമാറിയാണ് അന്വേഷണം ആരംഭിച്ചത്. ഇന്നലെയാണ് നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏതാനും അധ്യാപകരുടെ അക്കൗണ്ടിൽനിന്നും പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം സമാനമായ സംഭവം കോട്ടയത്തും നടന്നിരുന്നു. ഇതോടെ ശന്പളം ബാങ്ക് അക്കൗണ്ടിലേക്കു വരുന്ന ദിനങ്ങളിൽ അധ്യാപകരിൽനിന്നു പണം അടിച്ചുമാറ്റുന്നതിനുള്ള ആസൂത്രണമാണ് ലക്ഷ്യമിടുന്നത്. എസ്ബിഐയുടെ അസിസ്റ്റന്റ് മാനേജർ ആണെന്നു പരിചയപ്പെടുത്തിയാണ് അക്കൗണ്ട് ഹോൾഡർമാരെ വിളിക്കുന്നത്. അക്കൗണ്ട് ഉടമയുടെ വിവരങ്ങളെല്ലാം തന്നെ കൃത്യമായി ഇവർ പറയുന്പോൾ പലരും വിശ്വാസത്തിലെടുക്കുകയാണ് പതിവ്.
ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ് നല്കാമെന്നും പഴയ കാർഡിന്റെ കാലാവധി കഴിഞ്ഞെന്നും മറ്റുമാണ് ഫോണ്സന്ദേശം ലഭിക്കുന്നത്. തുടർന്ന് ഒടിപി നന്പർ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. അക്കൗണ്ട് മരവിക്കുമെന്നു കരുതി പലരും നന്പർ ഉടൻ കൈമാറും. ഒടിപി നന്പർ കൊടുത്ത് നിമിഷങ്ങൾക്കകം അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടും.
പണം പിൻവലിച്ചതായി സന്ദേശം വരികയോ സംശയം തോന്നുകയോ ചെയ്ത് അക്കൗണ്ട് ഉടമ ബാങ്കിൽ ബന്ധപ്പെടുകയോ എടിഎം കാർഡ് ഉപയോഗിച്ച് ബാലൻസ് പരിശോധിക്കുകയും ചെയ്യുന്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്.
തിരിച്ചു വിളിച്ചാൽ ഫോണിൽനിന്നു മറുപടിയൊന്നും ലഭിക്കാറില്ല. ഇത്തരം തട്ടിപ്പ് വ്യാപകമായതോടെ പോലീസ് ശക്തമായ അന്വേഷണം നടത്താനാണ് ആലോചിക്കുന്നത്. ആധാർ രേഖകൾ ചോർത്തിയാണോ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് സംശയം ഉയരുന്നു.
അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തരുത്
ഫോണിൽ ആരു വിളിച്ച് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടാലും യാതൊരു വിധത്തിലും പറയരുതെന്നും ഇത്തരത്തിൽ ബാങ്ക് ഒരു അക്കൗണ്ട് ഉടമയോടും ഫോണിൽ വിവരങ്ങൾ അന്വേഷിക്കാറില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു.