വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായപാർക്കിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിലകളിൽ വർധനവരുത്തി തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കർഷകർ. അടുത്തദിവസങ്ങളിൽതന്നെ അധികൃതരുടെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ഭൂവുടമകളെല്ലാം.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ.ബാലനുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളണമെന്ന സമ്മർദമുണ്ട്. ഭൂമിവില സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.
ഭൂമിയുടെ വില നിശ്ചയിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞമാസം ഭൂവുടമകളുമായി കളക്ടർ ചർച്ച നടത്തിയിരുന്നെങ്കിലും കുറഞ്ഞ വിലയ്ക്ക് ഭൂമി വിട്ടുനല്‍കാൻ കർഷകരാരും തയാറായിരുന്നില്ല. ഇതേ തുടർന്ന് ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയിലാണ്.
കാർഷികവിളകൾ നശിപ്പിച്ച് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ പ്രതിഷേധം നിലനില്‍ക്കേ ഏറ്റെടുക്കുന്ന ഭൂമിക്ക് തന്നെ തുച്്ഛമായ വില നല്‍കാനുള്ള നീക്കമാണ് കർഷകരെ പ്രകോപിപ്പിക്കുന്നത്. 309 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളത്.