നെല്ലിയാന്പതി: കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിക്കാർക്കായി എത്തിച്ച ദുരിതാശ്വാസ സാധനങ്ങൾ ഇനിയും ബാക്കി. നെല്ലിയാന്പതിയിലെ പള്ളിവക സ്ഥലത്ത് സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് കൊടുക്കാതെ സൂക്ഷിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടി ചുരം പാത തകർന്നതിനാൽ തലച്ചുമടയായും ഹെലികോപ്റ്റർ വഴിയുമാണ് നെല്ലിയാന്പതിയിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്.
പലപ്പോഴായി സാമൂഹ്യ അടുക്കള വഴിയും അവസാനം വീടുകൾ കേന്ദ്രീകരിച്ചും ഒരുമാസത്തോളം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ചുരംപാതയിലൂടെ താത്കാലികമായി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഭക്ഷ്യധാന്യങ്ങൾ നെല്ലിയാന്പതിയിലേക്ക് എത്തിച്ചിരുന്നു.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് നെല്ലിയാന്പതിയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. ഇതിനിടെ വിവിധ സംഘടനകൾ വൻതോതിൽ നെല്ലിയാന്പതിയിലേക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യങ്ങൾ, പുതപ്പുകൾ, തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചിരുന്നു.
ഇതെല്ലാം റവന്യൂ വകുപ്പാണ് ശേഖരിച്ച് നെല്ലിയാന്പതിയിൽ വിതരണം ചെയ്യുന്നത്. ഇതിനായി ഒരു സമിതി രൂപീകരിക്കുകയും അതിലൂടെ വിതരണം നടത്തുകയും ചെയ്തു.സാമൂഹ്യ അടുക്കള സംവിധാനം നിർത്തുകയും എല്ലാ വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കിറ്റുകളാക്കി നല്കുകയും ചെയ്യുന്നത് ഒക്ടോബർ ആദ്യവാരത്തോടെ പൂർത്തിയായി.
കഴിഞ്ഞദിവസം പള്ളി അധികൃതർ ക്രിസ്മസ് ആവശ്യത്തിനായി പള്ളി ഹാൾ ഉപയോഗിക്കേണ്ടതിനാൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ മാറ്റിതരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അധികൃതർപോലും ഇക്കാര്യം അറിയുന്നത്.
പിന്നീട് റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് പ്രദേശവാസികളും സ്ഥലത്തെത്തി വീണ്ടും കിറ്റുകളാക്കി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു. എല്ലാവർക്കും വിതരണം ചെയ്യാനുള്ള അളവിൽ സാധനങ്ങൾ ഇല്ലാത്തതിനാൽ ആംഗൻവാടികൾക്കും കിടപ്പുരോഗികൾക്കും വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ചിറ്റൂർ തഹസീൽദാർ പറഞ്ഞു.