മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ ആലോചനയെന്നു റിപ്പോർട്ട്. പൂന ലോക്സഭാ മണ്ഡലത്തിൽനിന്നു മാധുരി ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജൂണിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ മുംബൈയിലെത്തി മാധുരി ദീക്ഷിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രമുഖരെ നേരിട്ടെത്തി അറിയിക്കുന്ന പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം.
പൂന ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള മത്സരാർഥികളുടെ സാധ്യതാ ചുരുക്ക പട്ടികയിൽ മാധുരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന സംസ്ഥാന നേതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
2014-ൽ പൂന ലോക്സഭാ മണ്ഡലം ബിജെപി കോണ്‍ഗ്രസിൽനിന്നു പിടിച്ചെടുത്തിരുന്നു. മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനിൽ ഷിരോൾ വിജയിച്ചത്. ഇക്കുറി അന്പത്തൊന്നുകാരി മാധുരിയെ നിർത്തി സീറ്റ് നിലനിർത്തനാണ് ബിജെപി ശ്രമം.