വിയര്‍പ്പൊഴുക്കാതെ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അടുത്ത കാലത്തായി ഉണ്ടായിരിക്കുന്നത്. മാല പൊട്ടിക്കലുകാരുടെയും പോക്കറ്റടിക്കാരുടെയും എണ്ണത്തിലും കടകളും ബാങ്കുകളും കൊള്ളയടിക്കുന്നവരുടെയും എണ്ണത്തില്‍ വന്നിരിക്കുന്ന വര്‍ധനവ് ഇതിന് തെളിവാണ്.
സമാനമായ ഒരു സംഭവം, ജൂവലറി കൊള്ളയടിക്കാന്‍ തയാറെടുത്ത് വന്നിട്ട് പരാജയപ്പെട്ട് പോകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ലോകത്ത് ഒരു കള്ളനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നാണ് സോഷ്യല്‍മീഡിയ ഇതുമായി ബന്ധപ്പെട്ട് കമന്റ് ചെയ്യുന്നത്.
തായ്ലാന്ഡില് നടന്ന ഈ മോഷണശ്രമം ഇന്ന് ലോകമെമ്പാടും വൈറലാണ്. നഗരത്തിലെ ഒരു സ്വര്‍ണക്കടയില്‍ മോഷണത്തിന് കയറിയതാണ് ഈ യുവാവ്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിവന്ന യുവാവ് ജീവനക്കാരനോട് മാല വാങ്ങനാണ് എത്തിയതെന്ന് അറിയിച്ചു. ഇതുപ്രകാരം ജീവനക്കാരന് മാല എടുത്തുനല്‍കി. മാല വാങ്ങിയ യുവാവ് അത് കഴുത്തില്‍ അണിഞ്ഞുനോക്കിയ ശേഷം കടയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
പക്ഷേ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവാവിന് പണി സ്പോട്ടില്‍ തന്നെ കിട്ടി. സംഭവം ഇങ്ങനെയാണ്. യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ജീവനക്കാരന്, യുവാവ് അകത്ത് കയറിയപ്പോള്‍ തന്നെ ഡോര്‍ ലോക്ക് ചെയ്തിരുന്നു. നാണംകെട്ട് തിരിച്ചുവന്ന് ചിരിയോടെ മാല ഊരി തിരിച്ച് കൊടുത്തു. എന്നാല്‍ ഉടമ പോലീസില്‍ പരാതി നല്‍കിയതോടെ ഇരുപത്തേഴുകാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.