കൊട്ടാരക്കര: പ്രമുഖ വാണിജ്യ-വ്യാപാര കേന്ദ്രമായ കൊട്ടാരക്കര ചന്തയിൽ വൻ തീപിടുത്തം. ചന്തക്കുള്ളിലെ അൻപതോളം സ്റ്റാളുകൾ കത്തി നശിച്ചു.തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.ഇന്നു പുലർച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. ചന്തയ്ക്കുളളിൽ സ്റ്റാളുകൾ പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. ഇതിനുള്ളിലാണ് വ്യാപാര – വാണിജ്യ സ്റ്റാളുകൾ പ്രവർത്തിക്കുന്നത്.
പച്ചക്കറി, ഉണക്കമീൻ, തുണിക്കട, പലചരക്ക്, പ്ലാസ്റ്റികട, ഇരുമ്പു കട, കളിപ്പാട്ടങ്ങൾ കുലക്കട, മലഞ്ചരക്ക്, പുളി, മരച്ചീനി, തുടങ്ങിയവയുടെ നിരവധി സ്റ്റാളുകളാണ് ഈ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്നത്. 62 സ്റ്റാളുകളാണ് മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
ഇവയിൽ ഭൂരിപക്ഷവും കത്തിനശിച്ചു. ശേഷിക്കുന്നവയിലെ വ്യാപാര സാധനങ്ങളെല്ലാം ഉപയോഗശൂന്യമായിരിക്കുകയാണ്. ചന്തയിൽ തീ പടരുന്നത് നാട്ടുകാരും വഴിയാത്രക്കാരു മാ ണ് പോലീസിലും ഫയർഫോഴ്സിലുമറിയിച്ചത്.കൊട്ടാരക്കര ,പത്തനാപുരം, കുണ്ടറഎന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളുടെ രണ്ടു മണിക്കൂർ നേരത്തെ ശ്രമഫലമായിട്ടാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്. തീപിടിത്തത്തിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടില്ല.എന്നാൽ സംഭവത്തിൽ ദുരൂഹതയുള്ളതായി വ്യാപാരികളിൽ ചിലർ അഭിപ്രായപ്പെടുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.