തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ച ഉടൻ ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു.
സ്പീക്കർ പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്ക് വന്നു. പ്രതിപക്ഷ ബഹളം തുടർന്നെങ്കിലും മുഖ്യമന്ത്രി മറുപടി തുടർന്നു കൊണ്ടേയിരുന്നു.
45 മിനുട്ടോളം മറുപടി തുടർന്നതോടെ പ്രതിപക്ഷ നേതാവ് ഇതിനെ ചോദ്യം ചെയ്തു കൊണ്ട് എഴുന്നേറ്റതോടെ ബഹളം ഉച്ചസ്ഥിതിയിലായി. ചോദ്യോത്തരവേള സസ്പന്റ് ചെയ്തുകൊണ്ട് ശബരിമലയിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെങ്കിലും സ്പീക്കർ അതനുവദിച്ചില്ല.
പ്രതിപക്ഷ ബഹളം തുടർന്നതോടെ പത്തേകാലോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ ശ്രീരാമകൃഷ ്ണൻ അറിയിച്ചു.