പള്ളുരുത്തി: കൊച്ചിയിൽ താമസിച്ചിരുന്ന ജൂതരുടെ പുതുതലമുറയിൽപ്പെട്ടവരുടെ സംഗമവേദിയായി മട്ടാഞ്ചേരി. യഹൂദരുടെ സിനഗോഗ് മട്ടാഞ്ചേരിയിൽ സ്ഥാപിച്ചിട്ട് 450 വർഷം കഴിഞ്ഞതിന്റെ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഒത്തുചേരൽ. പുതുതലമുറയിൽപ്പെട്ട ഇരുന്നൂറോളം പേരാണ് മട്ടാഞ്ചേരിയിൽ എത്തിയിട്ടുള്ളത്.
ഇസ്രായേൽ, കാനഡ, ലണ്ടൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള 175ഉം കേരളത്തിലെ ജൂതരുമടക്കം 200ഓളം പേരാണ് ഒത്തുചേർന്നത്. സിനഗോഗിന് മുന്നിൽ സ്ഥാപിച്ച ആൽവിളക്കിൽ തിരിതെളിച്ച് മൂന്നുനാൾ നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.
ജൂതരുടെ പുതുവത്സരാഘോഷമായ ‘സിംഹാതോറ’ ആഘോഷത്തിനു സമാനമായ രീതിയിൽ 82 ദീപങ്ങളാണ് പ്രത്യേകം സ്ഥാപിച്ച ആൽവിളക്കിൽ തെളിച്ചത്. ഇവിടെ ജീവിച്ചിരുന്ന 82 ജൂതകുടുംബങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതാണ് ആൽവിളക്ക്.
ആഘോഷപരിപാടികൾ ഇസ്രായേൽ അംബാസഡർ റയ്ന ഡെവിൻസ്കി ഉദ്ഘാടനം ചെയ്തു. ആൽവിളക്ക് ജൂതപ്പള്ളി കൂറേറ്റർ ജോയി കാനഡക്കാരി ലോറിയൻ എന്നിവർ ചേർന്ന് തെളിച്ചു. ആഘോഷത്തോടനുബന്ധിച്ച് വീടുകളിൽ ഇവർ പ്രത്യേക വിഭവങ്ങളൊരുക്കും. വെള്ളി, ശനി ദിനങ്ങളിൽ ജൂതരുടെ പ്രാർഥനയായ സബാത്ത് നടക്കും.
ഒന്നര പതിറ്റാണ്ടിനുശേഷമാണ് കൊച്ചിയിലെ ജൂതപ്പള്ളിയിൽ സബാത്ത് ആരാധന നടക്കുന്നത്. പത്ത് പുരുഷന്മാർ ഉണ്ടെങ്കിൽ മാത്രമേ സബാത്ത് നടത്താവൂ എന്നാണ് ജൂത നിയമം. വ്യാഴാഴ്ച ജൂതത്തെരുവിലെ വ്യാപാരികളുമായി സൗഹൃദ കൂട്ടായ്മയും തുടർന്ന് ജൂതപ്പള്ളിയിൽ മതഗ്രന്ഥമായ ‘തോറ’ യുമായി പള്ളിക്ക് ചുറ്റും പ്രദക്ഷിണവും നടന്നു.
വൈകിട്ട് ആൽവിളക്ക് തെളിച്ചതിനുശേഷം അത്താഴവിരുന്നോടെ ഇന്നലത്തെ ചടങ്ങുകൾക്ക് സമാപനമായി. മട്ടാഞ്ചേരിയിൽ ഇന്ന് അവശേഷിക്കുന്നത് മൂന്ന് കുടുംബങ്ങളിലായി അഞ്ചു ജൂതർ മാത്രമാണ്. ജൂതർ കൊച്ചിയിൽ കൂടുതലായി ഉണ്ടായിരുന്ന കാലത്ത് ഇവരുടെ ആഘോഷങ്ങൾ ഏറെ പകിട്ടുള്ളതായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം ഇസ്രായേലിലേക്ക് ഭൂരിഭാഗം ജൂതരും പലായനം ചെയ്തതും യുവതലമുറയിലെ ജൂതർക്ക് കൊച്ചിക്ക് അന്യമായതും ആഘോഷങ്ങളുടെ മാറ്റ് കുറച്ചതായി പ്രദേശവാസികൾ പറയുന്നു.