കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ട കളമശേരി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടി സർഫാസി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കണ്വൻഷൻ സംഘടിപ്പിക്കുന്നു.
പത്തിന് രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന കണ്വൻഷൻ ജസ്റ്റീസ് പി.കെ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും. എ. വാസു, കെ. അരവിന്ദാക്ഷൻ, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുക്കും. ഈ കുടുംബത്തെ കുടിയിറക്കി കൊള്ളലാഭം കൊയ്യുന്ന ബാങ്ക്-ഡിആർടി-റിയലെസ്റ്റേറ്റ് റായ്ക്കറ്റിനെതിരെയാണ് പ്രതിരോധം തീർക്കുന്നതെന്ന് സർഫാസി വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നീതിക്ക് കാവൽ, പ്രീത ഷാജിക്ക് കാവൽ എന്ന സന്ദേശമുയർത്തിയാണ് കൺവൻഷൻ. കിടപ്പാടം ഒഴിയേണ്ടിവന്നെങ്കിലും കോടതിയിലുള്ള വിശ്വാസം ഇനിയും നഷ്ടപെട്ടിട്ടില്ലെന്ന് പ്രീത ഷാജി പറഞ്ഞു. ചതിയിൽപ്പെടുത്തി കിടപ്പാടം തട്ടിയെടുക്കുന്നതിന് കൂട്ടുനിന്ന സാജനെതിരെ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധമുണ്ട്.
നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും പ്രീത ഷാജി പറഞ്ഞു. മാനാത്തുപാടം പാർപ്പിട സംരക്ഷണസമിതി ചെയർപേഴ്സണ് സി.എസ്. മുരളി, പി.ജെ. മാനുവൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.