കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു സമയത്തു ക്ഷണിക്കാതെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കും. ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവരെ ക്ഷണിക്കാതിരുന്നതു വിവാദമായതിനു പിന്നാലെയാണു കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയുടെ പ്രതിഷേധം. കേന്ദ്രത്തിൽ യുപിഎയുടെയും കേരളത്തിൽ യുഡിഎഫിന്റെയും ഭരണകാലത്താണു കണ്ണൂർ വിമാനത്താവളത്തിന് പ്രധാനപ്പെട്ട അനുമതികളും പണികളും പൂർത്തിയാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.
മന്ത്രി കണ്ണന്താനം ബഹിഷ്കരിച്ചെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി ജയന്ത് സിൻഹയും ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തും.കേരള സർക്കാർ അപമാനിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കണ്ണന്താനം ഇന്നലെ കത്തയച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് പലതവണ പറഞ്ഞിരുന്നു.
എന്നാൽ കേരള സർക്കാരോ, കണ്ണൂർ വിമാനത്താവള മാനേജ്മെന്റോ ക്ഷണിച്ചില്ലെന്നു കണ്ണന്താനം അറിയിച്ചു. ഒടുവിൽ വ്യോമയാന മന്ത്രിയുടെ സ്റ്റാഫ് കണ്ണൂർ വിമാനത്താവള എംഡിയോട് ചോദിച്ചശേഷമാണ് തനിക്കു കൂടി ക്ഷണം ഉണ്ടെന്ന് അറിയിച്ചത്. അതിനാൽ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും സുരേഷ് പ്രഭുവിനെ കണ്ണന്താനം അറിയിച്ചു.