ആലപ്പുഴ: രാത്രി വൈകിയും മത്സരങ്ങൾ അവസാനിച്ച കലോത്സവത്തിന്റെ ആദ്യദിനം പിന്നിട്ടപ്പോൾ 263 പോയിന്റുമായി തൃശൂരിന്റെ മുന്നേറ്റം. 259 പോയിന്റുമായി കോഴിക്കോട് ജില്ല തൊട്ടുപിന്നിൽ തന്നെയുണ്ട്. 250 പോയിന്റുമായി കണ്ണൂരും 251 പോയിന്റുമായി പാലക്കാടുമാണ് അടുത്ത സ്ഥാനങ്ങളിൽ. രാവിലെ ലഭ്യമായ പോയിന്റുനിലയിൽ ആതിഥേയ ജില്ലയായ ആലപ്പുഴ 246 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ്.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 138 പോയിന്റുമായി തൃശൂരും 128 പോയിന്റുമായി ആലപ്പുഴയുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. 127 പോയിന്റുകൾ നേടിയ കണ്ണൂരും കൊല്ലവും തൊട്ടുപിറകിൽ തന്നെയുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിലാകട്ടെ 127 പോയിന്റുമായി കോഴിക്കോടാണ് മുന്നിൽ. 125 പോയിന്റുമായി കോട്ടയം, 124 പോയിന്റുമായി പാലക്കാട്, 120 പോയിന്റുകൾ വീതം നേടി തൃശൂരും മലപ്പുറവും കണ്ണൂരും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവയ്ക്കുന്നു.
രാത്രി വൈകിയ മത്സരഫലങ്ങൾ കൂടി ഉൾപ്പെടുത്താനിരിക്കെയാണ് ഈ പോയിന്റുനില. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 25 പോയിന്റുകൾ നേടി എട്ടുജില്ലകളാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. കാസർകോഡ്, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവരാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്.
തലൈക്കുത്തിന്റെ കഥ പറഞ്ഞ് ശില്പ മികച്ച കാഥിക
ആലപ്പുഴ: കഥപറഞ്ഞ് കഥപറഞ്ഞ് ശില്പ ഇത്തവണയും മികച്ച കാഥികയായി. കോട്ടയം ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശില്പാ രാജുവാണ് തുടർച്ചായി മൂന്നാം തവണയും കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടുന്നത്. തമിഴ്നാട്ടിൽ ഇപ്പോഴും നടക്കുന്ന അനാചാരമായ തലൈക്കുത്തായിരുന്നു ശില്പയുടെ കഥ. വയോധികരായ മാതാപിതാക്കളെ മക്കൾ കൊലപ്പെടുത്തുന്ന അനാചാരമാണ് തലൈക്കുത്ത്.
ഈ ആനാചാരത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന പെണ്കുട്ടിയെയാണ് ശില്പ കഥപറഞ്ഞ് അവതരിപ്പിച്ചത്. അനാചാരം നടത്തിയ മക്കളെ ഒടുവിൽ ജയിലിലിടയ്ക്കുന്നതായാണ് കഥ. പ്രമുഖ കാഥികൻ ശ്യാം മുത്തോലിയുടെ ശിക്ഷണത്തിലാണ് ശില്പ പരിശീലിച്ചതും കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡ് നേടിയതും.
പാലാ രാമപുരം ചിറകണ്ടം കൊട്ടിച്ചേരിൽ രാജുവിന്റെയും ലൂസിയുടെയും മകളാണ് ശില്പ. പുരാണകഥകളും സമകാലിക സംഭവങ്ങൾകോർത്തിണക്കിയ കഥകളുമായിരുന്നു കഥാപ്രസംഗ വേദിയിൽ നിറഞ്ഞു നിന്നത്. ഇതിൽ വ്യത്യസ്തമായ കഥ അവതരിപ്പിച്ചാണ് ശില്പ ശ്രദ്ധേയയായത്.
നായികയെ അഭിനന്ദിച്ച് സംവിധായകൻ
ആലപ്പുഴ: നായികയുടെ വിജയത്തിൽ ആശംസയുമായി സംവിധായകനെത്തി. ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ പാവറട്ടി സികെസി സ്കൂളിലെ ജെസ്നിയ ജയദീഷിനെ അഭിനന്ദിക്കുവാനാണ് ടിവി ഫെയിം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് കലോത്സവ വേദിയിലെത്തിയത്. ജി.എസ്.പ്രദീപ് സംവിധാനം ചെയ്ത് അടുത്ത മാസം പുറത്തിറങ്ങുന്ന സ്വർണ മത്സ്യങ്ങൾ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജെസ്നിയയാണ്. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് അവസാനിച്ചത്.
ലൊക്കേഷനിൽ നിന്നും നേരിട്ട് കലോത്സവ വേദിയിലെത്തുകയായിരുന്നു ജെസ്നിയ. കൗമാരത്തിന്റെ ആകാംക്ഷകൾ മുഖ്യപ്രമേയമാക്കി എത്തുന്ന സിനിമയിൽ മിക്ക കഥാപാത്രങ്ങളും കുട്ടികൾ തന്നെയാണ് അവതരിപ്പിക്കുന്നത്. ബിജിലാലാണ് സംഗീത സംവിധാനം.
ഒരു കാലത്ത് സ്കൂൾ കലോത്സവ പ്രസംഗവേദിയിലെ താരമായിരുന്നു ജി.എസ്. പ്രദീപ്. കേരള യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭയായിരുന്നു ഇദ്ദേഹം ഇപ്പോൾ നിരവധി ടിവി പ്രോഗ്രാമുകളും അനുബന്ധ പരിപാടികളും അവതരിപ്പിച്ചുവരുന്നു.
സ്കൂൾ കലോത്സവ വേദികളിലൂടെ സംഗീത ലോകത്ത് പ്രതിഭയായ തന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്ന ബാലഭാസ്കറിനെ അനുസ്മരിക്കാനും പ്രദീപ് മറന്നില്ല. പ്രളയത്തെ അതിജീവിച്ച് നവകേരള നിർമാണം നടക്കുന്ന ഈ സമയത്ത് പ്രളയം ദുരിതം വിതച്ച ആലപ്പുഴയിൽ കലോത്സവം എത്തിയതു വളരെ നന്നായെന്നും കലയിലൂടെയാണ് യഥാർഥ അതിജീവനം ആരംഭിക്കുന്നതെന്നും മത്സരം അവസാനിക്കുന്നിടത്തുനിന്നാണ് കലയുടെ ആരംഭമെന്നും ജി.എസ്.പ്രദീപ് പറഞ്ഞു.