അടുത്ത കാലത്ത് ആഗോള സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് മീടു കാമ്പയിന്‍ എന്നത്. മലയാള സിനിമാലോകത്തും അതുമായി ബന്ധപ്പെട്ട അലയൊലികള്‍ ഉയര്‍ന്നു. നിരവധി നടന്മാര്‍ ആരോപണ വിധേയരുമായി. മീടുവിനോടൊപ്പം നടിമാരുടെ സംഘടന എന്ന പേരില്‍ ഡബ്ലുസിസിയും കൂടി എത്തിയതോടെ വലിയ വിവാദങ്ങളും ചര്‍ച്ചകളും സിനിമാലോകത്ത് ഉണ്ടാവുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു, നടന്‍ ബൈജു. ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു ഇക്കാര്യം വ്യക്തമാക്കിയത്. ബൈജുവിന്റെ വാക്കുകള്‍ ചെറിയ രീതിയിലെങ്കിലും വിവാദത്തിനും വഴി വച്ചിരിക്കുകയാണ്. ബൈജുവിന്റെ വാക്കുകളിങ്ങനെ…
നായക നടന്മാരുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. അതു കൊണ്ട് തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്നീഷ്യന്‍സിനെയും സിനിമയ്ക്കായി എടുക്കുന്നതില്‍ അപാകതയില്ല. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണ്.
ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ല. തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടിട്ടല്ലേ.
അപ്പോള്‍ പിന്നെ നായകന്മാര്‍ ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എന്താണ് അപാകത. നായകന്മാര്‍ക്ക് ഇഷ്ടമുള്ള നടിമാരും ടെക്നീഷ്യന്മാരും നടന്മാരും വരുന്നത് സ്വഭാവികം മാത്രമാണ്.
മീടൂ ക്യാമ്പയിനോടുള്ള വിയോജിപ്പും നടന്‍ വ്യക്തമാക്കി. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് വിളിച്ചുപറയുന്നതിനോട് യോജിപ്പില്ല. ഇപ്പോള്‍ ഏതൊരു സ്ത്രീക്കും ആരെയും കേസില്‍ പെടുത്താം എന്ന നിലയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. മഞ്ജുവാര്യരെ പോലുള്ള നടിമാര്‍ എന്തുകൊണ്ടാണ് ഡബ്ല്യു സിസിയുമായി സഹകരിക്കാത്തതെന്ന് കൂടി നമ്മള്‍ പരിശോധിക്കേണ്ടതാണ്. ബൈജു പറഞ്ഞു.