ജോണ്സണ് വേങ്ങത്തടം
കൊച്ചി: ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിൽ മോചിതനാകുന്പോൾ വൻവരവേൽപ് നൽകാനൊരുങ്ങി ബിജെപി. പൂജപ്പൂര സെൻട്രൽ ജയിലിനു മുന്നിൽനിന്നുള്ള സ്വീകരണത്തിനു പുറകെ സംസ്ഥാനത്തുടനീളം സ്വീകരണം ഒരുക്കാനാണ് തീരുമാനം. എന്നാൽ, ഒരുവിഭാഗം സുരേന്ദ്രനെ ഉയർത്തി കാണിക്കുന്നതിൽ അസ്വസ്ഥരാണ്. ഇവർ ഇതിൽനിന്നും മാറി നിൽക്കുന്നില്ലെങ്കിലും പ്രോത്സാഹിപ്പിക്കാൻ തയാറാകുന്നില്ല.
തീർത്ഥാടകയെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ സുരേന്ദ്രനു ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകിട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോൾ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.
21 ദിവസത്തിനുശേഷമാണു സുരേന്ദ്രനു ജാമ്യം ലഭിക്കുന്നത്. ഇക്കാലയളവിൽ സുരേന്ദ്രന്റെ അറസറ്റ് ബിജെപിയിൽ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരേ പാർട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി. മുരളീധരൻ അടക്കമുളളവരുടെ വിമർശനം. ഇക്കാരണത്താൽ തന്നെ ജയിൽമോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളിൽ സ്വീകരണം നൽകാനും തീരുമാനിച്ചത്.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.എൻ. രാധാകൃഷ്ണൻ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ രാധാകൃഷ്ണന് പകരം മറ്റൊരാൾ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമർശിച്ച വി. മുരളീധരൻ എംപിയും ഇന്നലെ സമരപന്തലിൽ എത്തി.
ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
ശബരിമല ദർശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിലാണ് സുരേന്ദ്രനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാസത്തിലെ ആദ്യ തിങ്കളാഴ്ച രാവിലെ പത്തിനും ഉച്ചക്ക് ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും മൂന്നു മാസത്തേക്ക് ഇതു തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു മുന്പു കുറ്റപത്രം സമർപ്പിച്ചാൽ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാം. കോടതികളിൽ ഹാജരാകാനല്ലാതെ അടുത്ത മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. പത്തനംതിട്ടയിൽ പോകേണ്ടതുണ്ടെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണം. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നിവയാണ് മറ്റു ജാമ്യ വ്യവസ്ഥകൾ.
പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളിലേർപ്പെടുന്നതു ദൗർഭാഗ്യകരമാണെന്നു കോടതി വിലയിരുത്തി. നീണ്ട കസ്റ്റഡിക്കാലം കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി പറഞ്ഞൂ. ഈ കേസിൽ നവംബർ 23 നാണ് അറസ്റ്റിലായതെങ്കിലും നവംബർ 17 മുതൽ സുരേന്ദ്രൻ കസ്റ്റഡിയിലാണെന്നതു കാണാതിരിക്കുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി.