കൊച്ചി: പച്ചാളത്ത് കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീവച്ച് നശിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീവച്ച പ്രതി എത്തിയത് ബുള്ളറ്റിലാണെന്നും ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം തിരിച്ചറിയാനായിട്ടില്ലെന്നും എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി.
സിസിടിവി കാമറകളുടെ പരിശോധനയിലാണ് പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വീട്ടുകാർക്കും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ചിലരെ സംശയിക്കുന്നതായും ചിലർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
ബുള്ളറ്റിന്റെ നന്പർ തിരിച്ചറിയുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണെന്നും ദിവസങ്ങൾക്കകം പ്രതിയെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു. പി.ജെ. ആന്റണി ഗ്രൗണ്ടിനു സമീപം സായ് ഭവനിൽ താമസിക്കുന്ന സായ് പ്രസാദ് എന്നയാളുടെ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന മാരുതി സ്വിഫ്റ്റ് ഡിസൈർ കാർ, ബൈക്ക്, സ്കൂട്ടർ എന്നിവയാണു കഴിഞ്ഞ ദിവസം പുലർച്ചെ കത്തിനശിച്ചത്.
അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാകാനാണു സാധ്യതയെന്നു സംശയിച്ചിരുന്നു. എന്നാൽ, സിസിടിവി കാമറ പരിശോധിച്ചതിൽനിന്നുമാണു തീവച്ചതാണെന്നു തിരിച്ചറിഞ്ഞത്.