വടക്കാഞ്ചേരി: തെക്കുംകര മലാക്കയിൽ വീടിനു തീപിടിച്ചു വെന്തുമരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും നൂറുകണക്കിനു നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ആച്ചംകോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫലീസ് (10), സെലസ് മിയ (ഒന്നര വയസ്) എന്നിവരുടെ സംസ്കാര ചടങ്ങ്.
തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് മൂന്നുമണിയോടെ മച്ചാട് പള്ളിയിൽ എത്തിച്ച മൃതദേഹങ്ങൾ നാലു മണിയോടെയാണ് സംസ്കരിച്ചത്.സഹോദരങ്ങളെ അവസാനമായി ഒരുനോക്കുകാണാൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട ചേച്ചി സൽസ്നിയ നിറകണ്ണുകളോടെ പള്ളിയിൽ ബന്ധുക്കളോടൊപ്പം എത്തിയിരുന്നു.
പിതാവ് ഡാൻഡേഴ്സിന്റെയും അമ്മ ബിന്ദുവിന്റെയും നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ചികിത്സയിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി ജനറൽ സെക്രട്ടറി എൻ.കെ.സുധീർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, ഡിസിസി സെക്രട്ടറിമാരായ കെ.വി.ദാസൻ, എൻ.ആർ.സതീശൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ജിജോ കുരിയൻ, ജിമ്മി ചൂണ്ടൽ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് തുടങ്ങിയവരും മച്ചാട് പള്ളിയിൽ എത്തിയിരുന്നു.
അതേസമയം അപകടത്തിനു കാരണമായത് പാചകവാതക ചോർച്ചയാണെന്ന സംശയം ബലപ്പെടുകയാണ്. സാഹചര്യത്തെളിവുകളും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. കുട്ടികൾ കിടന്നിരുന്ന മുറിയുടെ ജനലിനു പുറത്ത് പാചകവാതകം ഉപയോഗിച്ച് വലിയ പാത്രത്തിൽ വെള്ളം ചൂടാക്കിയിരുന്നു. കാറ്റിൽ സ്റ്റൗ കെട്ട് ഇന്ധനം ചോർന്നതാകാമെന്നാണ് സംശയം.
മുറിയുടെ വെളിയിൽ കിടന്ന കാറിലെ ഇന്ധനം എൽപിജിയാണ്. ഇതിന്റെ ടാങ്കിലേക്ക് പാചകവാതകം പകർത്തിയപ്പോൾ അബദ്ധത്തിൽ ചോർന്നതാണോ എന്നും സംശയിക്കുന്നു. പെട്രോളിയം കന്പനിയിൽനിന്ന് വിദഗ്ധർ എത്തി പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാകൂ.