മുക്കം: കാടുപിടിച്ച് വർഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന ഭൂമി കൃഷി ഭൂമിയാക്കി മാറ്റിയ കർഷകന് വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും വൻനഷ്ടം. കാരശേരി പഞ്ചായത്തിലെ കെ.ഷാജികുമാറിനാണ് വലിയ നഷ്ടമുണ്ടായത്. 300ൽ പരം വാഴകൾ കാറ്റിൽ നിലംപൊത്തി. കുലച്ചതുംകുലക്കാറായതുമായ വാഴകളാണ് നശിച്ചത്.
കാരശേരി ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് കൃഷിയിറക്കിയ ഇയാൾ ഇനി ലോൺ എങ്ങിനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ്. കാരശേരി പുള്ളി പൊയിലിലാണ് ഇയാൾ വാഴകൃഷി ചെയ്തിരുന്നത്. വലിയ തോതിൽ പന്നി ശല്യം നേരിടുന്ന പ്രദേശം കൂടിയാണിത്. നേരത്തെ 100 ഓളം വാഴകൾ പന്നികൾ നശിപ്പിച്ചിരുന്നു.
പാലക്കാംപൊയിലിൽ വാഴകൃഷിയിറക്കിയ ആനയാംകുന്ന് സ്വദേശി സുരേഷിന്റെ 100 വാഴകളും കാറ്റിൽ നശിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഇദ്ദേഹത്തിന്റെ 3000 വാഴകളും വെള്ളം കയറി നശിച്ചിരുന്നു. കൃഷി നശിച്ച സ്ഥലം കൃഷി ഓഫീസർ സി.വി.ശുഭ, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ടി.ജെ.റോയി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ധനസഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.