കൂത്തുപറമ്പ്: കാണാതായതിനെ തുടർന്ന് കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്ന മമ്പറം പിണറായിയിലെ പി.നിഷാദിന്റെ മൃതദേഹത്തിനായുള്ള പരിശോധനക്കിടെ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ മനുഷ്യന്റേതല്ലന്ന് വ്യക്തമായി. ഫോറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇവ ഏതെങ്കിലും മൃഗത്തിന്റേതാവാമെന്ന സ്ഥിരീകരണം ഉണ്ടായത്.
പത്ത് സെന്റിമീറ്ററോളം നീളത്തിലുള്ള നാല് അസ്ഥിഭാഗങ്ങളായിരുന്നു ഇന്നലെ ഉച്ചയോടെ ലഭിച്ചത്.ജെ സിബി ഉപയോഗിച്ച് മണ്ണ് നീക്കിക്കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് പറമ്പിന്റെ മേൽ ഭാഗത്തായി തന്നെയാണ് ഇവ കണ്ടെത്തിയത്.
അതേ സമയം, നാലു ദിവസത്തോളം കേസിലെ പ്രതി സലീമിനെ ചോദ്യം ചെയ്തിട്ടും കേസിൽ യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനിയെന്ത് എന്ന ചോദ്യമാണ് പോലീസിനു മുന്നിൽ ഉയരുന്നത്. ഈ മാസം മൂന്നിനായിരുന്നു ബംഗളുരു സ്ഫോടന കേസിൽ പ്രതിയായ സലീമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് സിഐസനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിഷാദ് വധ കേസിൽ കസ്റ്റഡിയിൽ വാങ്ങിയത്.
ഈ മാസം13ന് കസ്റ്റഡി സമയം അവസാനിക്കുമെന്നിരിക്കെ ഇനിയുള്ള ദിവസങ്ങൾ പോലീസിന് നിർണായകവുമാണ്. ബംഗളുരു പോലീസിന് സലീം നല്കിയെന്നു പറയുന്ന മൊഴി മാത്രമാണ് നിഷാദ് കേസിൽ പോലീസിന് മുന്നിലുള്ള ഒരേയൊരു തെളിവ്.
കഴിഞ്ഞ ദിവസം പറമ്പായിയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ താൻ കുറ്റം ചെയ്തിട്ടില്ലെന്നും മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും മറ്റും സലീം മാധ്യമ പ്രവർത്തകരോടായി വിളിച്ചു പറയുകയും ചെയ്തു.മാത്രമല്ല, സലീമിനു വേണ്ടി കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ ഹാജരായ അഡ്വ.ബി.എ.ആളൂരും സലീമിന്റെ കസ്റ്റഡി അപേക്ഷയെ എതിർത്തു കൊണ്ട് ഈ കാര്യം കോടതിയിൽ സമർത്ഥിക്കുകയും ചെയ്തിരുന്നു.
മൃതദേഹം കണ്ടെത്തുന്നതുൾപ്പെടെ ശ്രമം ഫലം കാണാത്ത നിലയിൽ ശാസ്ത്രീയ പരിശോധനയാണ് പോലീസിനു മുന്നിലുള്ളത്. എന്നാൽ പോളിഗ്രാഫ് പരിശോധന ഉൾപ്പെടെയുള്ളവ നടത്തണമെങ്കിൽ ഇതിനു വിധേയമാകുന്ന ആളുടെ സമ്മതം വേണമെന്ന നിയമക്കുരുക്കും കേസിൽ പോലീസിന് കേസന്വേഷണത്തിന് തടസമായേക്കും.ഈ കേസിൽ പുരോഗതി വിലയിരുത്താനും തുടർ നടപടികളൊക്കെ തീരുമാനിക്കാനും ഉദ്യോഗസ്ഥർ ഇന്നലെ യോഗം ചേർന്നതായും വിവരമുണ്ട്
്ല