കോഴിക്കോട്: ബാങ്കിൽനിന്നു വിളിക്കുന്നെന്ന വ്യാജേന അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓർക്കാട്ടേരി തരിപ്പയിൽ ഖദീജയുടെ ഒരു ലക്ഷം രൂപയാണ് വടകര എസ്ബിഐയിൽനിന്നു നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാവിലെയാണ് ഖദീജയുടെ ഡൽഹിയിലുള്ള ഭർത്താവിനെ ബാങ്കിൽനിന്നു വിളിക്കുന്നതാണെന്നുപറഞ്ഞു ഫോണ് സന്ദേശം എത്തിയത്. കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മൊബൈൽ ഫോണിലേക്ക് വിളിച്ചത്. ഇത് സംബന്ധിച്ച് ഭർത്താവിന് അറിയാത്തതിനാൽ വൈകുന്നേരം ഖദീജയെ വിളിക്കുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഖദീജ ഒടിപി നന്പർ അടക്കം പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ഒരു ലക്ഷം രൂപ അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടതായി സന്ദേശമെത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഉടൻ തന്നെ എടച്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു.