കോതമംഗലം: ഹാഷിഷുമായി ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിനി അറസ്റ്റിൽ. കോന്നി പ്രമാടം സ്വദേശിനിയായ വിദ്യാർഥിനിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നെല്ലിക്കുഴിയിൽ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന പെണ്‍കുട്ടിയുടെ മുറിയിൽനിന്നു 55 ഗ്രാം ഹാഷീഷ് ഓയിൽ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വിദ്യാർഥിനി സ്വയം ഉപയോഗിക്കുന്നതിനൊപ്പം കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും ഹാഷിഷ് വിൽപന നടത്തിയിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. തൃശൂർ മേലൂർ സ്വദേശി വിനു സുധാകരൻ (31) ആണു പെണ്‍കുട്ടിക്കു ഹാഷിഷ് എത്തിച്ചുകൊടുത്തിരുന്നതെന്നു ചോദ്യം ചെയ്യലിൽനിന്നു വ്യക്തമായതായും അധികൃതർ അറിയിച്ചു. വിദ്യാർഥിനിയിൽനിന്നു ഹാഷീഷ് സ്ഥിരമായി വാങ്ങിയിരുന്നവർ നിരീക്ഷണത്തിലാണ്.
കോതമംഗലം മേഖലയിൽ വിദ്യാർഥികളിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നുവെന്നു ജനകീയ കമ്മിറ്റികളിൽ പരാതി ഉയർന്നതിനെത്തുടർന്ന് എക്സൈസ് പ്രത്യേക ഷാഡോ സംഘത്തെ രൂപീകരിച്ചിരുന്നു. കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.ഡി. സജീവൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. സെയ്ഫുദ്ദീൻ തുടങ്ങിയവരടങ്ങുന്ന സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്.