കണ്ണൂർ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങൾക്കു സാഫല്യമേകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനിൽ രാവിലെ ആറിനു സ്വീകരിച്ച് എയർപോർട്ടിലെത്തിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. യാത്രക്കാരുടെ ലഗേജ്് കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനം ഏർപ്പാടാക്കിയിരുന്നു.
ഉദ്ഘാടനവേദിയിൽ 7.30 മുതൽ വിവിധ കലാപരിപാടികൾ ആരംഭിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ കേളികൊട്ടോടെയാണ് വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമാകുക. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നിലവിളക്ക് കൊളുത്തി ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്നാണ് വിശിഷ്ടാതിഥികൾ ഉദ്ഘാടനവേദിയിലേക്ക് എത്തുക. ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങൾ വിമാനത്താവളത്തിലുണ്ടാകും.
അബുദാബിയിലേക്ക് ആദ്യ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിർന്ന ഉദ്യോഗസ്ഥർ, കിയാൽ ഡയറക്ടർമാർ തുടങ്ങിയവർ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും.
ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയർ വിമാനവും കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.