മുംബൈ: വജ്ര വ്യവസായിയുടെ ദുരൂഹമരണവുമായി രാഷ്ട്രീയ നേതാവ് അറസ്റ്റിൽ, യുവനടി കസ്റ്റഡിയിൽ. രാജേശ്വർ ഉദാനി (57) യുടെ മരണവുമായി ബന്ധപ്പെട്ടാണ് സച്ചിൻ പവാർ, നടിയും മോഡലുമായ ദെവോലീന ഭട്ടാചാർജി എന്നിവരെ മുംബൈ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം റായ്ഗഡിലെ വനമേഖലയിൽനിന്നാണ് ഉദാനിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
മഹാരാഷ്ട്ര മന്ത്രി പ്രകാശ് മേത്തയുടെ അടുപ്പക്കാരനാണ് സച്ചിൻ. ബിജെപി നേതാവായിരുന്ന സച്ചിനെ, 2009 ബിഎംസി തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതിനെ തുടർന്നു പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ഉദാനിയുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഉദാനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മൂന്നു ദിവസം മുന്പ് ഗട്കോപറിൽനിന്നാണ് ദെവോലീനയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഉദാനിയുടെ തിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 28-ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഉദാനിയുടെ മൊബൈൽ ഫോണ് സിഗ്നൽ നവി മുംബൈയിൽവച്ച് നഷ്ടപ്പെതു പോലീസിനെ കുഴപ്പിച്ചു. ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ ഈ മാസം നാലിന് തട്ടിക്കൊണ്ടുപോകലിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. കാണാതാകുന്ന ദിവസം ഉദാനിയെ പന്ത് നഗറിൽ ഇറക്കിവിട്ടതായി ഡ്രൈവർ പോലീസിനു മൊഴി നൽകി. മറ്റൊരു വാഹനത്തിൽ ഇയാൾ കയറിപ്പോയെന്നും ഡ്രൈവർ പോലീസിനെ അറിയിച്ചു.
ഉദാനി സ്ഥിരമായി ചില ബാറുകളിൽ പോകാറുണ്ടായിരുന്നെന്നും ചില സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണത്തിനിടെ പോലീസിനു വിവരം ലഭിച്ചു. സുഹൃത്തായ സച്ചിൻ പവാറിലൂടെയാണ് ഇയാൾ ഈ ബന്ധങ്ങൾ സ്ഥാപിച്ചത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് പോലീസ് അന്വേഷണം ദെവോലീനയിലേക്ക് എത്തുന്നത്. നിരവധി ടിവി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഇവർ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ഈ മാസം അഞ്ചിനാണ് ഉദാനിയുടെ മൃതദേഹം കണ്ടെത്തുന്നത്. അജ്ഞാത മൃതദേഹം എന്ന നിലയിൽ പോലീസ് ഏറ്റെടുത്ത മൃതദേഹം പിന്നീട് ഉദാനിയുടെ മകൻ തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ കാര്യമായ മുറിവുകൾ ഉണ്ടായിരുന്നില്ല. ഉദാനിയെ തട്ടിക്കൊണ്ടുപോയവർ ഇദ്ദേഹത്തെ കൊലപ്പെടുത്തി വനത്തിൽ തള്ളിയതായി പോലീസ് സംശയിക്കുന്നു.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ദെവോലീനയ്ക്കു ഉദാനിയുടെ മരണത്തിലെ പങ്കും പോലീസ് വെളിപ്പെടുത്തിയില്ല. അതേസമയം, സിനിമാ-സീരിയൽ മേഖലയിലെ ചില സ്ത്രീകളും ഉദാനിയുടെ മരണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പങ്ക് സംബന്ധിച്ച് ഉടൻ വ്യക്തത കൈവരുമെന്നുമാണ് പോലീസ് നൽകുന്ന സൂചന.